തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കും. ഇതിനായി 7.8 കോടി രൂപ വകയിരുത്തിയതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു. 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. സ്റ്റാര്‍ട്ട്അപ്പ മിഷന് ബജറ്റില്‍ 90.2 കോടി രൂപ വകയിരുത്തി. ടെക്നോ പാര്‍ക്കിന് 26 കോടിയും ഇന്‍ഫോ പാര്‍ക്കിന് 25 കോടിയുമാണ് വകയിരുത്തല്‍.
ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 15 കോടി നീക്കിവയ്ക്കുന്നതായി ബജറ്റില്‍ പറഞ്ഞു.
കാര്‍ഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
നെല്‍കൃഷി വികസനത്തിന് നീക്കി വയ്ക്കുന്ന തുക 95.10 കോടിയായി ഉയര്‍ത്തി. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികള്‍ക്കൊപ്പം ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കും. ഇതിനായി ആറ് കോടി രൂപ അനുവദിച്ചു. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി രൂപ വകയിരുത്തി.
നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയായി ഉയര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v