ജറുസലേമില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്ത അക്രമിയെ അറസ്റ്റ് ചെയ്തു

ജറുസലേമില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്ത അക്രമിയെ അറസ്റ്റ് ചെയ്തു

ജറുസലേം: ജെറുസലേമിലെ പുരാതന നഗരഭാഗത്തെ കത്തോലിക്ക ദേവാലയത്തിൽ യേശു ക്രിസ്തുവിന്റെ തിരുസ്വരൂപം തകര്‍ത്ത സംഭവത്തിൽ അക്രമിയെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. യേശുവിന്റെ കാല്‍വരി മലയിലേക്കുള്ള പീഡാസഹന പാതയെന്നു വിശ്വസിക്കപ്പെടുന്ന ജറുസലേമിലെ വിയാ ഡോളോറോസായില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാഗെല്ലേഷന്‍ ദേവാലയത്തിലാണ് അക്രമം നടന്നത്.

തിരുസ്വരൂപം നിലത്ത് വീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഫെബ്രുവരി രണ്ടിന് ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മതിരുനാള്‍ ദിനത്തില്‍ സ്ഥലത്ത് എത്തിയ അമേരിക്കൻ വിനോദസഞ്ചാരിയായ അക്രമി ഒരു സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ രൂപം നിലത്തേക്ക് മറിച്ചിട്ടാണ് കേടുപാടുകള്‍ വരുത്തിയത്. പിന്നീട് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


അതേസമയം പോലീസ് അക്രമിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. “നിങ്ങള്‍ക്ക് ജറുസലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല, ഇത് വിശുദ്ധ നഗരമാണ്” എന്ന് അക്രമി തിരുസ്വരൂപത്തിന് മുന്നിൽ നിന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.

ഇയാളുടെ മാനസികാരോഗ്യം വിലയിരുത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല ദേവാലയത്തിന് ഉണ്ടായിരിക്കുന്ന നാശനഷ്ടം ഗൗരവമേറിയതായി കാണുന്നുവെന്നും പോലീസ് പ്രതികരിച്ചു. മെക്സിക്കോ അതിരൂപതയുടെ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടറായ ഫാ. ജോസ് ഡെ ജീസസ് അഗ്വിലാര്‍ അക്രമിയെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ജറുസലേമിലെ വിവിധ മതവിഭാഗങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവരാണെന്നും, യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന കാര്യം നമ്മള്‍ അനുസ്മരിക്കുന്ന ഈ ദിവസം, യേശുവിന്റെ പ്രകാശം ജറുസലേമിന് മുകളില്‍ തിളങ്ങുവാന്‍ വേണ്ടിയും, ജെറുസലേമിന്റെ സമാധാനത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ഫാ. ജോസ് ഡെ ജീസസ് പറഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമാസക്തമായ സംഭവങ്ങളെ തുടർന്ന് ജറുസലേമിലും മേഖലയിലും സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് കത്തോലിക്കാ ദേവാലയത്തില്‍ ഈ അതിക്രമം നടന്നിരിക്കുന്നത്.

കിഴക്കൻ ജറുസലേമിൽ സിനഗോഗിന് പുറത്ത് നടന്ന വെടിവെപ്പിൽ 14 വയസ്സുകാരനുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾക്കിടെ ഒൻപത് തീവ്രവാദികളും 61 വയകാരിയായ സ്ത്രീയും ഉൾപ്പെടെ 10 പലസ്തീനികളും കൊല്ലപ്പെട്ടു.

ഇസ്രായേലിലെ പുതിയ, തീവ്ര വലതുപക്ഷ ഗവൺമെന്റിന്റെ ആദ്യ ആഴ്‌ചകളിലാണ് രാജ്യത്ത് അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.