ജനവിരുദ്ധ ബജറ്റിനെതിരെ കോണ്‍ഗ്രസ് കരിദിനം ഇന്ന്: പന്തം കൊളുത്തി പ്രതിഷേധിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച

ജനവിരുദ്ധ ബജറ്റിനെതിരെ കോണ്‍ഗ്രസ് കരിദിനം ഇന്ന്: പന്തം കൊളുത്തി പ്രതിഷേധിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ പ്രഖ്യാപനങ്ങള്‍ക്കും നികുതി കൊള്ളയ്ക്കുമെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കെപിസിസി കുറ്റപ്പെടുത്തി.

ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.തിങ്കളാഴ്ച നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നതെന്ന് കെ സുധാകരന്‍ അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല.

അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും നടക്കാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടി രൂപ നികുതി കുടിശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയില്‍ക്കെട്ടിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അധിക വിഭവ സമാഹരണത്തിന് ബദല്‍ ധനാഗമന മാര്‍ഗങ്ങള്‍ക്കായി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ കണ്ടെത്താത്ത ഭരണകൂടം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിലെ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച് പെരുവഴിയിലേക്ക് തള്ളിവിടുന്ന നടപടിയാണ് സ്വീകരിച്ചത്. ഇത് ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ലെന്ന് കെപിസിസി വിലയിരുത്തി.

കേരളത്തില്‍ ഓരോ കുഞ്ഞും പിറന്നു വീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണെന്നത് സര്‍ക്കാര്‍ മറക്കരുത്. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും സ്വജനപക്ഷപാതവും അഭംഗുരം തുടരുന്നതിന് വേണ്ടിയാണ് സാധാരണ ജനങ്ങളെ ബലിയാടാക്കിയത്.

ആഢംബര കാറുകളും വിദേശ യാത്രകളും അനധികൃത നിയമനങ്ങള്‍ നടത്താനും മറ്റുമാണ് സാധാരണക്കാരെ പിഴിയുന്നത്. മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സര്‍വ സാധനങ്ങള്‍ക്കും അഭൂതപൂര്‍വ്വമായ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് നടക്കുന്ന വിവധ പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.