വാഷിംഗ്ടണ്‍: അടുത്ത ആറ് മാസം ഉക്രെയ്ൻ യുദ്ധത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ മേധാവി വില്യം ബേണ്‍സ്. പാശ്ചാത്യ രാജ്യങ്ങളുടെ താല്‍പ്പര്യം കുറയുന്നതും 'രാഷ്ട്രീയ ആലസ്യ'വും യുദ്ധഭൂമിയില്‍ നേട്ടമുണ്ടാക്കാന്‍ തന്റെ സൈന്യത്തിന് പുതിയ അവസരമൊരുക്കുമെന്ന് പുടിന്‍ പറഞ്ഞിരുന്നു.
സമയം കൊണ്ട് കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കിയെടുക്കാനാവുമെന്നാണ് പുടിന്‍ ഇപ്പോള്‍ കരുതുന്നതെന്നും അടുത്ത ആറ് മാസം അതിനാല്‍ തന്നെ നിര്‍ണായകമാവുമെന്നും ബേണ്‍സ് പറഞ്ഞു. സമാധാന ചര്‍ച്ചകളെക്കുറിച്ച് പുടിന്‍ ഇടക്കിടെ പറയുന്നുണ്ടെങ്കിലും പുടിന് ഇക്കാര്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലെന്ന് റഷ്യയിലെ മുന്‍ യുഎസ് അംബാസഡര്‍ കൂടിയായ ബേണ്‍സ് ഇന്റലിജന്‍സ് വിവരങ്ങളുടെ ബലത്തില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ 80 വര്‍ഷത്തിന് ശേഷം വീണ്ടും ജര്‍മ്മന്‍ ടാങ്കുകളെ അഭിമുഖീകരിക്കേണ്ടി വന്ന ഉക്രെയ്ൻ യുദ്ധം രണ്ടാം ലോക മഹായുദ്ധം പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞു. സ്റ്റാലിന്‍ഗ്രാഡ് യുദ്ധം സമാപിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വ്ളാഡിമിര്‍ പുടിന്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ നാസി ജര്‍മ്മനിക്കെതിരായ പോരാട്ടവുമായി താരതമ്യം ചെയ്ത് സംസാരിച്ചത്.
"ഇത് അവിശ്വസനീയമാണ്, പക്ഷേ സത്യമാണ്. ജര്‍മ്മന്‍ ലപ്പേർഡ് ടാങ്കുകള്‍ ഞങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തുന്നു". ഉക്രെയ്‌നിലേക്ക് ലപ്പേർഡ് ടാങ്കുകള്‍ അയക്കാനുള്ള ജര്‍മ്മനിയുടെ തീരുമാനം എടുത്തുപറഞ്ഞ്, ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് വ്ളാഡിമിര്‍ പുടിന്‍ അവകാശപ്പെട്ടു.
"ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ നാസിസത്തിന്റെ പ്രത്യയശാസ്ത്രം, ഇതിനകം തന്നെ അതിന്റെ ആധുനിക വേഷത്തില്‍, അതിന്റെ ആധുനിക പ്രകടനത്തില്‍, വീണ്ടും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണികള്‍ സൃഷ്ടിക്കുന്നതായി ഞങ്ങള്‍ കാണുന്നു" എന്നായിരുന്നു പുടിന്റെ വിശദീകരണം.
റഷ്യയെ ഭീഷണിപ്പെടുത്തുന്ന ഏതൊരു രാജ്യത്തിനും നിര്‍ണായകമായ മറുപടി നല്‍കുമെന്നും വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നൽകി. ഒരു പുതിയ ആക്രമണത്തിനായി ജർമ്മനി തങ്ങളുടെ സേനയെ ശക്തിപ്പെടുത്തുകയാണെന്ന് ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുടിന്റെ ഭീഷണി.
റഷ്യന്‍ സേനയെ നേരിടാന്‍ ആധുനിക യുദ്ധ ടാങ്കുകള്‍ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉക്രെയ്നിന് പാശ്ചാത്യ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ഉക്രെയ്‌നിനെതിരെ മാത്രമല്ല ഒരു സ്വതന്ത്ര യൂറോപ്പിനും സ്വതന്ത്ര ലോകത്തിനും എതിരെ പ്രതികാരം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഇതിനോട് റഷ്യ പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.