മടിയിൽ കനമില്ലാത്ത രാഷ്ട്രീയക്കാർ അന്വേഷണങ്ങളെ എന്തിന് ഭയക്കണം?

മടിയിൽ കനമില്ലാത്ത രാഷ്ട്രീയക്കാർ അന്വേഷണങ്ങളെ എന്തിന് ഭയക്കണം?

കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയും ഇടത് പക്ഷമുന്നണിയും മാറി മാറി അധികാരത്തിലെത്തുമ്പോൾ സ്ഥിരമായി പരസ്പരം ചെളിവാരിയെറിയലും, ആരോപണ പ്രത്യാരോപണങ്ങളുംപതിവ് പല്ലവികളാണ്.  പരസ്പരമുള്ള വെല്ലുവിളികൾക്കപ്പുറം തങ്ങൾക്ക് ഭരണം കിട്ടുമ്പോൾ ക്രിയാത്മകമായ അന്വേഷണം നടത്തി ഒരു രാഷ്ട്രീയക്കാരനെയെങ്കിലും ജയിലിലടച്ചതായി നാം കേട്ടിട്ടില്ല. വിവിധ കേസുകളിലെ അന്വേഷണത്തിനായി പല കേന്ദ്ര  ഏജൻസികളും ഡൽഹിയിൽ നിന്ന് വണ്ടി കയറി കേരളത്തിൽ എത്തിയിട്ട് ആഴ്ചകൾ പലതായി. സ്വർണ്ണക്കടത്ത്, മയക്ക് മരുന്ന്, ഹവാല ഇടപാട്, വിദേശ നാണ്യ വിനിമയത്തിലെ പാകപ്പിഴകൾ, ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി, കിഫ്‌ബി യിലെ ക്രമക്കേടുകൾ തുടങ്ങി വിവിധ കേസുകളിൽ സി ബി ഐ മുതൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരെ കേരളത്തിൽ അന്വേഷണവുമായി കറങ്ങി നടക്കുന്നു.

തിരഞ്ഞെടുപ്പ് ലഹരി തലയ്ക്ക് പിടിച്ച് തുടങ്ങിയ നിമിഷം മുതൽ അഴിമതി അന്വേഷണങ്ങൾ ഊർജ്ജിതമാക്കി കേരളാ പോലീസും, ക്രൈം ബ്രാഞ്ചുമൊക്കെ കേന്ദ്ര ഏജൻസികൾക്കൊപ്പം സജീവം.  മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും, മുസ്‌ലിം ലീഗ് നേതാവ് കമറുദീനും പോലീസ് കസ്റ്റഡിയിലാണ്. കേരളം ചർച്ച ചെയ്ത് മടുത്ത, സർക്കാർ സംവിധാനങ്ങൾ അന്വേഷിച്ച് തളർന്ന ബാർ കോഴ, സോളാർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണകേസ് ഇവയൊക്കെ പൊടി തട്ടി എടുത്തിട്ടുണ്ട്. അതിനൊക്കെ പുറമെ, ഇപ്പോൾ  കെ എസ് എഫ് സി യിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന വിജിലൻസും കളത്തിലിറങ്ങി. 

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കന്മാർ എല്ലാ ദിവസവും ആരോപിച്ച് കൊണ്ടിരിക്കുന്നു. കേരളാ ഗവൺമെന്റിന്റെ കീഴിലുള്ള വിജിലൻസിന്റെ അന്വേഷണത്തെ വെല്ലുവിളിക്കുന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിനെയും ഇപ്പോൾ കേരളം കണ്ടു. എന്തിനാണ് രാഷ്ട്രീയ നേതാക്കൻമാർ അന്വേഷങ്ങളെ ഭയപ്പെടുന്നത്.   എല്ലാ അന്വേഷണ ഏജൻസികളും സത്യസന്ധമായി അന്വേഷിക്കാൻ ബാധ്യസ്ഥരായിരിക്കെ, അവരുടെ പ്രവർത്തങ്ങളെ തടസ്സപ്പെടുത്തുകയും, മനോനില തകർക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളും ഇടപെടലുകളും രാഷ്ട്രീയ നേതാക്കന്മാരുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയല്ലേ?

മടിയിൽ കനമുള്ളവർക്കല്ലേ ഭയമുണ്ടാകേണ്ടത്. അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെ, അവരുടെ കണ്ടെത്തലുകൾ കോടതിയിൽ സമർപ്പിക്കേണ്ടി വരുമല്ലോ? ഏതെങ്കിലും തെറ്റായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യാൻ കുറ്റാരോപിതർക്ക് അവകാശവുണ്ടായിരിക്കെ, ഈ കോലാഹലങ്ങൾഎന്തിനാണ് എന്നാണ് മനസ്സിലാക്കാത്തത്.  സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരായവർ ഏത് പാർട്ടിയിലുള്ളവരായാലും അവരെ ജയിലിലടയ്ക്കു, സർക്കാരുകളെ അധികാരത്തിലെത്തിക്കുന്ന പാവം പൊതു ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.