2008 നവംബർ 26 നു മുബൈ നഗരത്തിലുണ്ടായ തീവ്രവാദ ആക്രമണം നാം മറന്നിരിക്കാൻ വഴിയില്ല . 10 ലഷ്കറെ ത്വയ്യിബ തീവ്രവാദികൾ മുംബയിൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ തുറന്നുവിട്ടു . 22 വിദേശികൾ അടക്കം ഇരുന്നൂറോളം പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്ന് 'ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ'യിൽ പങ്കെടുത്ത് കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്‌ണൻ നമ്മുടെ ഒക്കെ ഓർമ്മയിലുണ്ട് . കമാൻഡോ ഓപറേഷനിൽ പങ്കെടുത്ത മറ്റൊരു മലയാളി കമാണ്ടറായ കണ്ണൂർ അഴീക്കോട് സ്വദേശി എൻ എസ് ജി കമാൻഡോ വി പി മനീഷിനുവേണ്ടി അന്ന് നാടുമുഴുവൻ പ്രാർത്ഥിച്ചു .
തന്റെ അന്നത്തെ അനുഭവങ്ങൾ പല ഇന്റർവ്യൂകളിലും അദ്ദേഹം പങ്കുവച്ചു . അന്ന് സംഭവിച്ചത് ഇങ്ങനെ. നവംബർ 26 ന് രാത്രി 9.30 ന് ആണ് തീവ്രവാദികൾ ട്രൈഡന്റ് ഹോട്ടൽ പിടിച്ചെടുത്തതു. നവംബർ 27 ന് പുലർച്ചെ രണ്ട് മണിയോടെ ദില്ലിയിൽ ഡ്യുട്ടിയിൽ ആയിരുന്ന എ എസ് ജി കമാൻഡോകൾക്ക് ഒരു കോൾ ലഭിച്ചു. അപ്പൊൾ തന്നെ അവരെ വിമാനത്താവളത്തിലെയ്ക്കും അവിടെനിന്നും മുംബൈയിലെയ്ക്കും കൊണ്ടുപോയി.
രാവിലെ എട്ടുമണിക്ക് ഒരു ഹെലികോപ്റ്ററിൽ ട്രൈഡന്റ് ഹോട്ടലിന്റെ ടെറസിൽ എത്തി. മുകളിലത്തെ നിലയിൽ നിന്ന് താഴേക്കിറങ്ങി, താഴെമുതൽ ഓരോ മുറിയും പരിശോധിച്ചു . അവർ ഓരോ വാതിലിലും മുട്ടി; പ്രതികരണമില്ലെങ്കിൽ വാതിൽ വെടിവച്ചു തുറന്നു .ചില മുറികളിൽ, പരിഭ്രാന്തരായ വിദേശികൾ ഒരു മൂലയ്ക്കു ഒളിച്ചിരിക്കുന്നുണ്ടായിരുന്നു .ആദ്യം, അവർ തീവ്രവാദികളാണെന്ന് കരുതി, “ഞങ്ങളെ കൊല്ലരുത്” എന്ന് അപേക്ഷിച്ചു . "ഞങ്ങൾ കമാൻഡോകളാ"ണെന്ന് അവരെ അറിയിച്ചപ്പോൾ, ചില സ്ത്രീകൾ ആശ്വാസത്തോടെ കരഞ്ഞു.
അതീവ ജാഗ്രതയോടെ ഓരോ നിലയിൽകൂടിയും കയറിയിറങ്ങി. ഒടുവിൽ പതിനാലാം നിലയിലെത്തിയപ്പോൾ അവിടെ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. വളരെ ശാന്തമായിരുന്നു അവിടം . മുട്ടിയ പല മുറികളും ശൂന്യമായിരുന്നു. റൂം നമ്പർ 203ൽ എത്തി. വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ വെടിവച്ചു തകർത്തു. ഉടനെ തന്നെ അവരുടെ നേരെ ആരൊക്കെയോ നിറയൊഴിക്കാൻ തുടങ്ങി. ഹോട്ടൽ സെക്യൂരിറ്റി അവിടെ മരിച്ച് വീണു . എൻഎസ്‌ജി കമാൻഡോ എ കെ സിംഗും മനീഷും തിരിച്ചു ആക്രമിച്ചു .കണ്ണിന്റെ കോണിൽകൂടി ബാത്ത്റൂമിലെ ചലനവും ഒരു എകെ 47 ന്റെ ബാരലും കണ്ട മനീഷ് ഒട്ടും വൈകിക്കാതെ അയാൾക്കുനേരെ വെടിയുതിർത്തു. അയാളുടെ ജീവനറ്റു പോകുന്നതുവരെ വെടിയുതിർത്തുകൊണ്ടിരുന്നു. ഇതുകണ്ട മുറിയിലുണ്ടായിരുന്ന രണ്ടാമത്തെ തീവ്രവാദി ഒന്ന് ഭയന്നു. സിങ്ങിന്റെ 'ഷാർപ് ഷൂട്ടിംഗ്' അവന്റെ ചൂണ്ടു വിരലിനു പരിക്കേൽപിച്ചു. അത് വെടിവയ്ക്കാനുള്ള അയാളുടെ കഴിവ് ഇല്ലാതാക്കി.
അയാൾ തങ്ങളുടെ നേരെ ഒരു ഗ്രനേഡ് പ്രയോഗിക്കാൻ പോകുന്നു എന്ന് കണ്ടപ്പോൾ മനീഷ് തൽക്ഷണം പ്രതികരിക്കുകയും അയാളെ വെടിവച്ച് കൊല്ലുകയും ചെയ്തു. എങ്കിലും ഗ്രനേഡ് അയാൾ എടുത്തു എറിഞ്ഞിരുന്നു. അത് താഴെ വീണു പൊട്ടാതിരിക്കാൻ മനീഷ് അത് 'ഹെഡ്' ചെയ്തു. അപ്പോഴേയ്ക്കും അത് പൊട്ടിത്തെറിച്ചു. ( ആക്റ്റീവ് ആക്കി കഴിഞ്ഞാൽ 2 സെക്കൻഡ് മാത്രമേ എടുക്കു ഗ്രനേഡ് പൊട്ടിത്തെറിക്കാൻ) ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും, സ്ഫോടനത്തിന്റെ ആഘാതം മൂലം ഹെൽമെറ്റ് പൊട്ടി. പൊട്ടിച്ചിതറിയ ചില ചീളുകൾ തലയിൽ തുളച്ചുകയറി .
മനീഷിനു ബോധം നഷ്ടപ്പെട്ടു. മാസങ്ങൾക്കുശേഷം ബോംബെ ഹോസ്പിറ്റലിൽ അദ്ദേഹം കണ്ണുതുറന്നപ്പോൾ വലത്തേ കൈയും കാലും തളർന്നു പോയിരുന്നു. സുഖം പ്രാപിക്കാൻ 6 മാസം വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. മനീഷ് രണ്ടു വർഷത്തോളം ആശുപത്രിയിൽ ചെലവഴിച്ചു. സംസാരശേഷി തിരിച്ചു ലഭിക്കാനും വീണ്ടും നടന്നു തുടങ്ങാനും അത്രയും സമയം വേണ്ടിവന്നു. മൂന്നു ചീളുകളാണ് തലച്ചോറിൽ തുളച്ചു കയറിയത് . അതിൽ രണ്ടെണ്ണം പുറത്തെടുത്തു . മൂന്നാമത്തേത് ഇപ്പോഴും തന്റെ തലച്ചോറിൽ തന്നെ ഉണ്ടെന്നു അദ്ദേഹം പറയുന്നു . അത് എടുക്കാൻ ആവില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് . അന്ന് താജ് ഹോട്ടലിലെ ഓപ്പറേഷന് ശേഷമായിരുന്നു അവർ ട്രൈഡന്റ് ഹോട്ടലിൽ എത്തിയത് . ഗ്രനേഡ് പൊട്ടി ചീളുകൾ തലയിൽക്കൊണ്ട് കയറി, ബോധം കെടുമ്പോഴേക്കും കൂടെ ഉണ്ടായിരുന്നത് ഹരിയാനക്കാരനായ കമാൻഡോ സിംഗ് ആയിരുന്നു . ഒരു ചീള് അദ്ദേഹത്തിന്റെ വലത്തേ കണ്ണിലും തുളച്ചു കയറി. എന്നാൽ തനിക്കു ഒന്നും സംഭവിച്ചിട്ടില്ല എന്നും എത്രയും വേഗം മനീഷിനെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നും പറയുന്ന ശബ്ദമാണ് താൻ അവസാനമായി കേട്ടത് എന്ന് മനീഷ് ഓർമ്മിക്കുന്നു .
അദ്ദേഹത്തിന്റെ ധൈര്യം തിരിച്ചറിഞ്ഞും,ട്രൈഡന്റിലെ തീവ്രവാദികളെ കീഴ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും കാണിച്ച ധീരതയും കണക്കിലെടുത്തും സർക്കാർ അദ്ദേഹത്തിനും സിംഗിനും 'ശൗര്യ ചക്ര' അവാർഡ് നൽകി. അന്ന് തളർന്നു പോയ മനീഷിന്റെ വലതു വശം ഇന്നും അങ്ങനെ തന്നെ . കാർഗിൽ യുദ്ധത്തിലെ പോരാളിയായിരുന്ന മനീഷിന് അന്ന് ഇടുപ്പ് എല്ലിന് പരിക്ക് പറ്റിയിരുന്നു. ഇന്ത്യൻ ജനത സുഖമായി കിടന്നുറങ്ങുന്നത് തങ്ങളുടെ സുരക്ഷിതത്വം ഈ ജവാന്മാരെ ഏല്പിച്ചിട്ടാണ് . എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നു കാവലിരിക്കുന്ന രാജ്യത്തിൻറെ ഈ കാവൽക്കരാണ് ഇന്ത്യൻ ജനതയുടെ ധൈര്യം .
മനീഷിന്റെ വാക്കുകളിൽ "ഇന്ത്യയിൽ വന്നിട്ട് ഒരു തീവ്രവാദിയും തിരിച്ചു പോയിട്ടില്ല , പോകാൻ ഞങ്ങൾ അനുവദിച്ചിട്ടില്ല ". അഭിമനത്തോടെ മനീഷ് ഒന്നുകൂടി പറഞ്ഞു" ഞങ്ങൾ അവിടെ എത്തിയതിനുശേഷം ആരെയും മരണത്തിനു വിട്ടു കൊടുത്തില്ല" എന്ന് . അറിയാതെ തന്നെ നമ്മുടെ കൈ ഒന്ന് ഉയർന്നുപോകില്ലേ, ഒന്ന് സല്യൂട്ട് ചെയ്യാൻ !!!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.