തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിസാ തോമസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ച സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കുന്നത് ഗവർണർ തടഞ്ഞു. നിയമ വിരുദ്ധമായ ഈ തീരുമാനത്തിന് അംഗീകാരം നൽകേണ്ടെന്ന് വിസിക്ക് ഗവർണർ നിർദ്ദേശം നൽകി. വിസിയെ നിരീക്ഷിക്കാനുള്ള ഉപസമിതി സർവകലാശാല നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഗവർണറുടെ നടപടി.
മുഖ്യ അക്കാഡമിക് എക്സിക്യുട്ടീവ് ഓഫീസറായ വിസിയെ നിയന്ത്രിക്കാൻ രണ്ട് രാഷ്ട്രീയക്കാരും എയ്ഡഡ് കോളേജിലെ ഒരു അസോസിയേറ്റ് പ്രൊഫസറും രജിസ്ട്രാറുമടങ്ങിയ സമിതിയെ രൂപീകരിച്ചതായി വിസി ഗവർണറെ അറിയിച്ചിരുന്നു. വിസി ഒപ്പിടാതെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാവില്ലെന്നും നിയമവിരുദ്ധമായ തീരുമാനങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നും ഗവർണർ വിസിയെ അറിയിച്ചു.
ചാൻസലറായ ഗവർണറും വൈസ് ചാൻസലറും തമ്മിലുള്ള എല്ലാ ആശയ വിനിമയങ്ങളും സിൻഡിക്കേറ്റിൽ സമർപ്പിക്കണമെന്നും സിൻഡിക്കേറ്റിന്റെ അനുമതിയോടെ മാത്രമേ വിസി ചാൻസലറുമായി ആശയവിനിമയം നടത്താവൂ എന്നതായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. ഇതാണ് ഗവർണർ തടഞ്ഞത്.
ഇത്തരമൊരു നിർദ്ദേശം നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്നും ഇതുവരെ ചാൻസലർക്കയച്ച എല്ലാ റിപ്പോർട്ടുകളും സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് നൽകണമെന്ന നിർദ്ദേശം ചട്ട വിരുദ്ധമാണെന്നും ഗവർണർ പറഞ്ഞു.
സിപിഎമ്മിന്റെ മുൻ എംപി പി.കെ. ബിജു, സിപിഎം ജില്ല കമ്മിറ്റിയംഗം ഐ.സാജു, രജിസ്ട്രാർ എ.പ്രവീൺ, പാലക്കാട് എൻഎസ്എസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ജി. സഞ്ജീവ് എന്നിവരായിരുന്നു സമിതിയംഗങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.