ഹോങ്കോങിലെ ജനാധിപത്യത്തിന്റെ പോരാട്ട മുഖം: കര്‍ദിനാള്‍ ജോസഫ് സെന്‍ നോബല്‍ സമ്മാന നാമനിര്‍ദേശ പട്ടികയില്‍

ഹോങ്കോങിലെ  ജനാധിപത്യത്തിന്റെ പോരാട്ട മുഖം: കര്‍ദിനാള്‍ ജോസഫ് സെന്‍ നോബല്‍ സമ്മാന നാമനിര്‍ദേശ പട്ടികയില്‍

കര്‍ദിനാള്‍ സെന്നും മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ലായും ഉള്‍പ്പെടെ ആറ് പേരെയാണ് ഹോങ്കോങില്‍ നിന്ന് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.

ന്യൂജേഴ്‌സി: ഹോങ്കോങിലെ ജനാധിപത്യ പ്രതിഷേധങ്ങളുടെ മുന്നണി പോരാളികളായ കര്‍ദിനാള്‍ ജോസഫ് സെന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ലായ് എന്നിവര്‍ സമ്മാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ക്രിസ് സ്മിത്ത് അധ്യക്ഷനായ കമ്മീഷന്‍ ആണ് ഇരുവരും ഉള്‍പ്പെടെ ഹോങ്കോങില്‍ നിന്ന് ആറ് പേരെ നാമനിര്‍ദ്ദേശം ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര കരാറുകള്‍ ഹോങ്കോങിന് ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവരെ നാമനിര്‍ദേശം ചെയ്യുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

നഗരത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിച്ച ഹോങ്കോങ്, ചൈന സര്‍ക്കാരരുകളെ സമാധാനപൂര്‍വ്വം എതിര്‍ത്ത ലക്ഷക്കണക്കിന് വരുന്ന ഹോങ്കോങ് പൗരന്മാരുടെ പ്രതിനിധികളാണ് ഇവര്‍. ചൈനയുടെ ഭരണത്തിനെതിരെ 2019 ല്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാവരും സജീവമായി പങ്കെടുത്തിരുന്നു.

ഹോങ്കോങ്ങില്‍ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ അധീനതയിലുള്ള സ്ഥലമായി ചൈന കരുതുന്ന ഇവിടെ ദേശീയ സുരക്ഷയുടെ പേരില്‍ മതവിശ്വാസം പിന്തുടരുന്നത് നിയന്ത്രിക്കാന്‍ വലിയ ശ്രമം നടക്കുന്നുണ്ട്. 2002 മുതല്‍ 2009 വരെ ഹോങ്കോങിലെ മെത്രാനായിരുന്നു കര്‍ദിനാള്‍ ജോസഫ് സെന്‍

ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ആരംഭിച്ച ഫണ്ട് രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പേരില്‍ കഴിഞ്ഞ മെയ് മാസം കര്‍ദിനാള്‍ സെന്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിരുന്നു. കോടതി പിഴശിക്ഷ വിധിച്ചെങ്കിലും കര്‍ദ്ദിനാള്‍ സെന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ അടച്ചുപൂട്ടിയ ആപ്പിള്‍ ഡെയ്‌ലി പത്രത്തിന്റെ സ്ഥാപകനായ ജിമ്മി ലായ് 2020 ഡിസംബര്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കര്‍ദിനാള്‍ സെന്നുമായി അടുത്ത ബന്ധമുള്ള അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ച വ്യക്തിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.