തുര്‍ക്കിയില്‍ വന്‍ ഭൂചലനം: മരണം ഇരുന്നൂറിലേറെ; നിലംപൊത്തിയ കെട്ടിങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

തുര്‍ക്കിയില്‍ വന്‍ ഭൂചലനം: മരണം ഇരുന്നൂറിലേറെ; നിലംപൊത്തിയ കെട്ടിങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇതുവരെ 207 പേരുടെ  മരണമാണ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇസ്താംബൂള്‍: തെക്കന്‍ തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെ മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വീസ് (യു.എസ്.ജി.സി) അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി എന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

തെക്കന്‍ നഗരമായ ഗാസിയന്‍ടേപ്പിന് അടുത്ത് ഇന്ന് പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ-ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് ഗാസിയന്‍ടേപ്പ്. 17.9 കി മീ ആഴത്തിലാണ് പ്രഭവ കേന്ദ്രം. നിരവധി കെട്ടിടങ്ങള്‍ അടക്കം തകര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും യു.എസ്ജി.സി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം.

തുര്‍ക്കിയില്‍ 76 പേരും സിറിയയില്‍ 42 പേരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുര്‍ക്കിയിലെ മലത്യ നഗരത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു. 420 പേര്‍ക്കു പരിക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും ഗവര്‍ണറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് വിവരം.

തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലും മറ്റ് നഗരങ്ങളിലും അയല്‍രാജ്യങ്ങളായ ലെബനനിലും സൈപ്രസിലും പ്രകമ്പനങ്ങളുണ്ടായി. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ് തുര്‍ക്കി. 1999 ലാണ് ഒടുവില്‍ ഏറ്റവും ആള്‍നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയിലുണ്ടായത്. ഡ്യൂഷെയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ 17,000ലധികം പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ ഇസ്താന്‍ബൂളില്‍ മാത്രം മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.