അങ്കാറ: ഭൂകമ്പങ്ങള്‍ ദുരന്തം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 5,000 കടന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുര്‍ക്കിയില്‍ 3,419 പേര്‍ മരിച്ചതായി വൈസ് പ്രസിഡന്റ് ഫുവത് ഒക്ടായ് പറഞ്ഞു. 20,534 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ 1,602 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 5,102 ആയി.
തിങ്കളാഴ്ച തുര്‍ക്കിയില്‍ 7.8, 7.6, 6.0 തീവ്രതയുള്ള തുടര്‍ച്ചയായ മൂന്ന് ഭൂചലനങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. തുടര്‍ ചലനങ്ങളുടെ ഭീതിയില്‍ തുറസായ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ് ജനങ്ങള്‍. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതായാണ് വിവരം.
തുര്‍ക്കിയിലെ ഹത്തായ് പ്രവിശ്യയിലുള്ള വിമാനത്താവളത്തിലെ ഏക റണ്‍വേയും ഭൂകമ്പത്തില്‍ പൂര്‍ണമായും തകര്‍ന്നു. 1939-ല്‍ 33000 പേരുടെ മരണത്തിനിടയാക്കിയ എര്‍സിങ്കര്‍ ഭൂകമ്പത്തിനുശേഷം തുര്‍ക്കിയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. മരണസംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ചരിത്ര സ്മാരകങ്ങളും ആശുപത്രികളും അടക്കം നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ആദ്യം സംഘം തുര്‍ക്കിയിലെത്തി. എന്‍.ഡി.ആര്‍.എഫ് നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ 50 പേരാണ് ആദ്യ സംഘത്തിലുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നായകള്‍, ചിപ്പിങ് ഹാമേര്‍സ്, കെട്ടിടാവശിഷ്ടങ്ങള്‍ മുറിയ്ക്കാനുള്ള ഉപകരണങ്ങള്‍, ഫസ്റ്റ് എയ്ഡ് മെഡിസിന്‍സ് എന്നിവയുമായാണ് സംഘം എത്തിയത്.
എയര്‍ ഫോഴ്സിന്റെ രണ്ട് സി 17 വിമാനങ്ങളിലാണ് ഗാസിയാബാദിലെ എയര്‍ ബേസില്‍ നിന്ന് രക്ഷാ സംഘം പുറപ്പെട്ടത്. സംഘത്തില്‍ അഞ്ച് വനിതകളുമുണ്ട്. ദക്ഷിണ തുര്‍ക്കിയിലെ അദാന എയര്‍പോര്‍ട്ടിലാണ് ആദ്യ സംഘം എത്തിയത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും തുര്‍ക്കി ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയതിന് ശേഷമാകും ഏത് മേഖലയിലേക്കാണ് പോകേണ്ടത് എന്ന് തീരുമാനിക്കുക. ഇന്ത്യന്‍ സംഘം വിമാനത്താവളത്തില്‍ എത്തിയ വിവരം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സ്ഥിരീകരിച്ചു.
ഭൂകമ്പം ദുരന്തം വിതച്ച തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.