ബ്രിസ്ബന്‍: ക്വീന്‍സ് ലാന്‍ഡില്‍ സിനിമ സ്‌റ്റൈലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങി കുപ്രസിദ്ധ മയക്കുമരുന്ന് കടത്ത് സംഘം. 29 പേര്‍ അറസ്റ്റിലായി. സംഭവ സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ 18 കിലോഗ്രാം മെത്തിലാംഫെറ്റാമൈനും അര മില്യണ്‍ ഡോളറിലധികം പണവും പിടിച്ചെടുത്തു. ക്രിമിനല്‍ സംഘത്തെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ക്വീന്‍സ് ലാന്‍ഡ് പോലീസ് പുറത്തുവിട്ടു.
14 മാസത്തെ ഓപ്പറേഷനൊടുവില്‍ ഫെഡറല്‍ ഏജന്‍സികളുടെയും സ്‌പെഷ്യലിസ്റ്റ് പോലീസിന്റെയും പിന്തുണയോടെയാണ് ക്വീന്‍സ് ലാന്‍ഡ് പോലീസ് മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായ 29 പേര്‍ക്കെതിരെ 180-ലധികം കുറ്റകൃത്യങ്ങള്‍ ചുമത്തി.
തലസ്ഥാനമായ ബ്രിസ്ബന്‍ നഗരത്തിലെ പ്രാന്തപ്രദേശമായ കാര്‍സെല്‍ഡിന്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. 18 കിലോഗ്രാമിലധികം മെത്തിലാംഫെറ്റാമൈന്‍, ഏകദേശം 556,000 ഓസ്‌ട്രേലിയന്‍ ഡോളര്‍, രണ്ട് തോക്കുകളും കൂടാതെ വലിയ അളവില്‍ ലഹരി വസ്തുക്കളായ കെറ്റാമൈന്‍, കൊക്കെയ്ന്‍ എന്നിവയും പിടിച്ചെടുത്തു.
പോലീസ് ഓപ്പറേഷന്റെ ഭാഗമായി അവസാന മൂന്ന് മാസത്തിനിടെ അന്‍പതോളം ഉദ്യോഗസ്ഥര്‍ ഇപ്സ്വിച്ചിന് ചുറ്റുമുള്ള മൂന്ന് പ്രോപ്പര്‍ട്ടികളില്‍ റെയ്ഡ് നടത്തി. തുടര്‍ന്ന് ഒരു വസ്തുവില്‍ മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ലാബ് കണ്ടെത്തിയതായി ഡിറ്റക്ടീവ് സീനിയര്‍ സര്‍ജന്റ് കെന്‍ റോജേഴ്സ് പറഞ്ഞു. ഇവിടെനിന്ന് 12 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തു.
മയക്കുമരുന്ന് ക്രിമിനല്‍ സംഘം ഒരു വര്‍ഷത്തിനുള്ളില്‍ 50 മില്യണ്‍ ഡോളറിന്റെ മാരക ലഹരി മരുന്നാണ് വിറ്റഴിച്ചത്. ചില മയക്കു മരുന്നുകള്‍ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്തതാണെന്നും മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അന്തര്‍സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്നതാണെന്നും റോജേഴ്സ് പറഞ്ഞു.
61 കാരനായ സംഘത്തലവനെതിരെ മയക്കുമരുന്ന് കടത്ത്, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഈ മാസം അവസാനം ബ്രിസ്ബന്‍ മജിസ്ട്രേറ്റ് കോടതിയില്‍ വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചു.
'അത്യാധുനിക രീതിയിലാണ് മയക്കുമരുന്ന് സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിച്ചതെന്ന് ഡിറ്റക്ടീവ് സീനിയര്‍ സര്‍ജന്റ് റോജേഴ്സ് പറഞ്ഞു. മയക്കുമരുന്നും രാസവസ്തുക്കളും വിദേശത്ത് നിന്ന് സിഡ്നിയിലേക്ക് ഇറക്കുമതി ചെയ്യുകയും തുടര്‍ന്ന് ബ്രിസ്ബനിലേക്ക് കടത്തി ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
'സംഘത്തിലെ ഓരോ വ്യക്തിക്കും ഓരോ ചുമതലയുണ്ട്. മയക്കുമരുന്ന് വില്‍പ്പന, എന്‍ക്രിപ്റ്റ് ചെയ്ത മൊബൈല്‍ ആപ്പുകള്‍ സംഘടിപ്പിക്കല്‍, പണം കൈകാര്യം ചെയ്യല്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും ചുമതലകള്‍ വീതിച്ചു നല്‍കിയിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26