ഓസ്‌ട്രേലിയ ലക്ഷ്യമാക്കി പസഫിക് സമുദ്രത്തിലൂടെ ഒഴുകിയ 3.2 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്ത് ന്യൂസീലന്‍ഡ് പോലീസ്; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

ഓസ്‌ട്രേലിയ ലക്ഷ്യമാക്കി പസഫിക് സമുദ്രത്തിലൂടെ ഒഴുകിയ 3.2 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്ത് ന്യൂസീലന്‍ഡ് പോലീസ്; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലൂടെ ഒഴുകിയെത്തിയ 3.2 ടണ്‍ കൊക്കെയ്ന്‍ ന്യൂസീലന്‍ഡ് പോലീസ് പിടിച്ചെടുത്തു. വിപണിയില്‍ 450 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിലധികം വിലമതിക്കുന്ന കൊക്കെയ്നാണ് സമുദ്രത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ന്യൂസീലന്‍ഡ് പോലീസ്, കസ്റ്റംസ് സര്‍വീസ്, ന്യൂസീലന്‍ഡ് ഡിഫന്‍സ് ഫോഴ്‌സ് എന്നിവ സംയുക്തമായാണ് കൊക്കെയ്ന്‍ പിടികൂടിയത്. ഓസ്ട്രേലിയയിലേക്കു കൊണ്ടുപോകാനുദ്ദേശിച്ച മയക്കുമരുന്നാണിതെന്നാണു നിഗമനം. ഓസ്ട്രേലിയന്‍ വിപണിയില്‍ ഒരു വര്‍ഷത്തേക്ക് വില്‍ക്കാന്‍ പര്യാപ്തമായ അളവിലുള്ള മയക്കുമരുന്നാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു

ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് അധികൃതര്‍ അറിയിച്ചു. പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് മയക്കുമരുന്നുകള്‍ കടലില്‍ ഉപേക്ഷിച്ചതെന്ന് പോലീസ് കമ്മീഷണര്‍ ആന്‍ഡ്രൂ കോസ്റ്റര്‍ ബുധനാഴ്ച വെല്ലിങ്ടണില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


പസഫിക് സമുദ്രത്തിലൂടെ ഒഴുകിയെത്തിയ 3.2 ടണ്‍ കൊക്കെയ്ന്‍ പോലീസ് കണ്ടെത്തിയപ്പോള്‍.

'മയക്കുമരുന്ന് കടത്തുകാരുടെ പുതിയ തന്ത്രമാണിത്. കടലില്‍ ഉപേക്ഷിച്ച മയക്കുമരുന്ന് പാക്കറ്റുകള്‍ ഡീലര്‍മാര്‍ കപ്പലിലെത്തി ശേഖരിക്കും'. ഇത് വ്യാപകമായി പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ പൊലീസിന്റെ നേതൃത്വത്തില്‍ നശിപ്പിക്കും.

മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും കസ്റ്റംസും പരിശോധന നടത്തിയത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.


പിടിച്ചെടുത്ത കൊക്കെയ്ന്‍ കപ്പലിലേക്കു മാറ്റിയപ്പോള്‍.

മയക്കുമരുന്നിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍ അത് ഓസ്ട്രേലിയന്‍ വിപണിയിലേക്കുള്ളതായിരുന്നുവെന്ന് ആന്‍ഡ്രൂ കോസ്റ്റര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് ഒരു കൊക്കെയ്ന്‍ വിപണിയല്ല. ഓസ്ട്രേലിയയെ അപേക്ഷിച്ച് തങ്ങള്‍ ചെറിയ രാജ്യമാണ്. ന്യൂസിലാന്‍ഡ് വിപണിയില്‍ അടുത്ത മുപ്പത് വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്നത്ര അളവ് കൊക്കെയ്‌നാണിത്.

പിടിച്ചെടുത്ത കൊക്കെയ്ന്‍ കപ്പല്‍ മാര്‍ഗം ഓക്‌ലന്‍ഡിലേക്കു കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.