ഇന്ധന സെസും നികുതികളും കുറയ്ക്കില്ല; പിരിക്കുന്നത് പ്രത്യേക ഫണ്ടിനായെന്ന് ധനമന്ത്രി

ഇന്ധന സെസും നികുതികളും കുറയ്ക്കില്ല; പിരിക്കുന്നത് പ്രത്യേക ഫണ്ടിനായെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കണമെന്ന് ആവശ്യം തള്ളി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി വര്‍ധനയില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടു പോകാനാവില്ല. അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല. സമരം കിടന്ന് നികുതി കുറപ്പിച്ചെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ പറഞ്ഞതു കേട്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയത്. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങള്‍ അവര്‍ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും. ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ലിഫ് ഹൗസിലെ ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്കാണ് 42 ലക്ഷം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യമാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമര്‍ശകര്‍. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് അവരുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക രംഗത്ത് ലോകമാകെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. ഇവിടെ ബജറ്റിന്‍ മുകളില്‍ ഉള്ള ചര്‍ച്ചയില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇത്രയധികം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമായ ചേരിതിരിവുകള്‍ ഉണ്ടെങ്കിലും പൊതുവില്‍ ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഘട്ടമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ലോകത്ത് നടക്കുന്നത് കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ എന്നും മന്ത്രി ചോദിച്ചു.

സമ്മിശ്രസമ്പദ് വ്യവസ്ഥയുടെ ഭാഗമായാണ് 2008ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാതെ വന്നത്. ലീമാന്‍സ് ബാങ്ക് പോലും തകര്‍ന്നടിഞ്ഞ ഘട്ടത്തില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. അത്തരം അവസ്ഥയിലേയ്ക്ക് കഴിഞ്ഞ ദിവസം കാര്യങ്ങള്‍ വന്നിരുന്നു. ലോകത്തെ സമ്പന്നനായി ഉയര്‍ന്നുവന്ന അദാനിയുടെ ഷെയര്‍മാര്‍ക്കറ്റിലെ ആസ്തി ഇടിയുന്ന സ്ഥിതിയുണ്ടായെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഒറ്റപ്പെട്ട കാര്യങ്ങള്‍ മാത്രം കണ്ട് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് ദുഖകരമാണ്. 27 ബജറ്റ് പ്രസംഗങ്ങള്‍ കേട്ടുവെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതില്‍ ഏറ്റവും ലക്ഷ്യബോധമില്ലാത്ത ബജറ്റാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രം എല്ലാമേഖലയിലും സംസ്ഥാനത്തിനുള്ള തുക വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ് കേന്ദ്ര നയം. എന്നാല്‍ അവയെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.