കുവൈറ്റ് സിറ്റി: മധ്യപൂർവ്വ ദേശത്ത് രൂപീകരിക്കപ്പെട്ട ആദ്യ ഔദ്യോഗിക സീറോ മലബാർ അൽമായ മുന്നേറ്റമായ കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ, എസ്. എം. സി. എ യുടെ പൂർണ സാമ്പത്തിക സഹായത്തോടെ രജത ജൂബിലി സ്മാരകമായി വിവിധ രൂപതകളിൽ നടപ്പാക്കുന്ന കാരുണ്യ ഭവന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ രണ്ടു ഭവനങ്ങളുടെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം ജനുവരി 29ന് നിർവഹിച്ചു.
ചൂണ്ടക്കര സെന്റ് ജോസഫ്, വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഇടവകകളിലായി നിർമ്മിച്ച ഭവനങ്ങളുടെ വെഞ്ചരിപ്പ് - താക്കോൽദാന കർമ്മങ്ങളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ കൂട്ടാല, അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഇടവക വികാരിമാരായ ഫാ. പോൾ വാഴപ്പിള്ളി, ഫാ. ജോയ് പുല്ലാംകുന്നേൽ, എസ് എം സി എ പ്രതിനിധികളായി സ്ഥാപക അംഗവും മുൻപ്രസിഡന്റുമായ ജേക്കബ് ജോർജ് പൈനാടത്ത്, മുൻ സെൻട്രൽ ട്രഷറർ വിൽസൺ ദേവസി വടക്കേടത്ത്, ലില്ലി ജേക്കബ് പൈനാടത്ത്, ഇടവക കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായിത്തന്നെ, താമരശ്ശേരി രൂപത പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവക സെന്റ് വിൻസന്റ് ഡീ പോൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന മറ്റു രണ്ടു ഭവനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരുന്നതായും മാനന്തവാടി രൂപതയിലെ മൂന്നാമത്തെതും ഒന്നാം ഘട്ടത്തിലെ അഞ്ചാമത്തേതുമായ ഭവനത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എസ്. എം. സി. എ. പ്രസിഡണ്ട് സാൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര, സെൻട്രൽ ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ, സോഷ്യൽ വെൽഫെയർ കൺവീനർ ബെന്നി ചെരപ്പറമ്പൻ എന്നിവർ അറിയിച്ചു.
നാളിതുവരെ, ഇന്ത്യയിലെ വിവിധ സീറോ മലബാർ രൂപതകളിലായി 637 ഭവനങ്ങൾ കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ നിർധനർക്കായി നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.