ഹെയ്തിയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി; വീട്ടുതടങ്കലിലുള്ള നിക്കരാഗ്വ ബിഷപ്പിനെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ ബിഷപ്പുമാര്‍

ഹെയ്തിയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി; വീട്ടുതടങ്കലിലുള്ള നിക്കരാഗ്വ ബിഷപ്പിനെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ ബിഷപ്പുമാര്‍

പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ വൈദികനെ തട്ടിക്കൊണ്ടു പോയി. ഫാ. അന്റോയിന്‍ മക്കയര്‍ ക്രിസ്റ്റ്യന്‍ നോഹയെ ആണ് കഴിഞ്ഞ വ്യാഴാഴ്ച്ച അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന് 20 മൈല്‍ അകലെയുള്ള കസലിലെ തന്റെ മിഷനറി സമൂഹത്തിലേക്ക് പോകുമ്പോളായിരുന്നു ആക്രമണം നടന്നത്.

ആന്റിലീസിലെ ക്ലാരെഷ്യന്‍ മിഷനറിമാരുടെ സ്വതന്ത്ര പ്രതിനിധി സംഘമാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. തട്ടിക്കൊണ്ടു പോയവര്‍, വൈദികന്റെ മോചനത്തിനു പകരമായി പണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മിഷനറി കമ്മ്യൂണിറ്റിയെ സമീപിച്ചതായി ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫാ. അന്റോയിന്‍ മക്കയര്‍ കാമറൂണ്‍ സ്വദേശിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കസലിലെ സെന്റ് മൈക്കിള്‍ ദി ആര്‍ക്കഞ്ചല്‍ ഇടവകയില്‍ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം.

'നിലവില്‍ രാജ്യം ഭരിക്കുന്ന സായുധസംഘങ്ങള്‍ കത്തോലിക്കാ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടത്തുകയാണ്. ഈ സാഹചര്യം അരക്ഷിതാവസ്ഥ, ഭയം, വിശപ്പ്, നിരാശ എന്നിവ സൃഷ്ടിക്കുന്നു; അതുകൂടാതെ കോളറയും ആളുകളെ വലയ്ക്കുന്നു. പ്രധാനമായും കുട്ടികളെയാണ് കോളറ പിടികൂടുന്നത്' - ഹെയ്തിയിലെ മറ്റൊരു വൈദികനായ അന്റോണിയോ മെനെഗോണ്‍ വെളിപ്പെടുത്തുന്നു.

ഹെയ്തിയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും സമീപകാലത്തായി വളരെയേറെ വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, നിക്കരാഗ്വയിലെ മതഗല്‍പ്പ രൂപതാ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി യൂറോപ്യന്‍ ബിഷപ്പ് രംഗത്ത്. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഓഫ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ച് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.


ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്കരാഗ്വയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പിന്റെ അവസ്ഥയില്‍ കര്‍ദ്ദിനാള്‍ ഹോളറിച്ച് ദുഃഖവും ആശങ്കയും പങ്കുവച്ചു. 'അടുത്ത കാലത്ത് നിക്കരാഗ്വയില്‍ കത്തോലിക്കാ സഭയും വൈദികരും അത്മായരും ഉള്‍പ്പെടെ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് മനസിലാക്കുന്നു. പ്രത്യേകിച്ചും, ബിഷപ്പ് അല്‍വാരസിന്റെ സാഹചര്യം വളരെ ഖേദകരമാണ്. വൈദികരും വൈദിക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നവര്‍ തെറ്റായ ആരോപണങ്ങളുടെ ഇരകളാണ്' - കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.

നിക്കരാഗ്വേയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് ബിഷപ്പ് കാര്‍ലോസ് എന്റിക് ഹെരേര ഗുട്ടിറസിനെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ച് ആശങ്കകള്‍ പങ്കുവച്ചത്.

കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതിനെയും ദേവാലയത്തില്‍ പ്രവേശിക്കുന്നതിനുള്ള പോലീസ് തടസങ്ങളെയും മതസ്വാതന്ത്ര്യത്തെയും നീതിന്യായ സാമൂഹികക്രമത്തെയും തടസപ്പെടുത്തുന്ന മറ്റ് ഗുരുതരമായ പ്രവൃത്തികളെയും കര്‍ദ്ദിനാള്‍ അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.