തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും 100 ദിന കർമ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മൂന്നാം കർമ പദ്ധതിക്ക് വെള്ളിയാഴ്ച്ച തുടക്കമാകും.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് നൂറ്ദിന കര്‍മ പരിപാടി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നേ മുക്കാല്‍ വര്‍ഷത്തിനിടയില്‍ രണ്ട് നൂറ്ദിന കര്‍മ പരിപാടികൾ സംസ്ഥാനത്ത് പൂര്‍ത്തിയാക്കി. ആകെ 1284 പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറ്ദിന പരിപാടിയില്‍ ലക്ഷ്യമിടുന്നുവെന്നും പശ്ചാത്തല വികസന പരിപാടികളും നൂറ്ദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം പരിപാടിയില്‍ ലക്ഷ്യമിടുന്നു. കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും. പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്‍റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക വികസനത്തിന്‍റെ ഭാഗമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോട് കൂടിയാണ് നൂറ്ദിന പരിപാടിയുടെ സംസ്ഥാനതല
ഉദ്ഘാടനം. നൂറു ദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തുന്നതാണ്. സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശു ഭൂമിയില്‍ ഏഴ് ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള പദ്ധതി നടപ്പാക്കും.
ഫ്ളോട്ടിങ് സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും. ബ്രഹ്മപുരം സൗരോര്‍ജ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നടത്തും. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.