ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികന്‍ മരിച്ച സംഭവം ഞെട്ടിക്കുന്നത്; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികന്‍ മരിച്ച സംഭവം ഞെട്ടിക്കുന്നത്; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. റോഡില്‍ ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടപ്പെടരുതെന്നും കര്‍ശനനടപടി സ്വീകരിച്ചേ മതിയാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ ഡി.സി.പി ശശിധരന്‍ അപകടത്തെക്കുറിച്ച് വിശദീകരിച്ചു.

സ്വകാര്യ ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് ഡി.സി.പി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. എം.ഡി.എം.എ അടക്കം ഉപയോഗിച്ച് ബസ് ഓടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ഇത്തരം ബസുകള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സമരവുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നതെന്നും ഡി.സി.പി കോടതിയെ അറിയിച്ചു.

അപകടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. ഇനിയൊരു ജീവനും റോഡില്‍ പൊലിയാതിരിക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് കോടതി ഓര്‍മ്മപ്പെടുത്തി.

കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് റോഡ് സേഫ്റ്റി സംവിധാനത്തിന്റെ തകര്‍ച്ചയെ കൂടിയാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 23ലേക്ക് മാറ്റി

വെള്ളിയാഴ്ച രാവിലെ മാധവഫാര്‍മസി ജങ്ഷനിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ആന്റണി എന്നയാളാണ് മരിച്ചത്. ബസിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്നലില്‍ നിന്ന ബസ് പച്ച ലൈറ്റ് തെളിഞ്ഞതോടെ വേഗത്തില്‍ പാഞ്ഞതാണ് അപകടത്തിന് കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.