അനുവദിച്ച തുക തീര്‍ന്നു; ഗവര്‍ണറുടെ വിമാന യാത്രക്ക് 30 ലക്ഷം അധികമായി നല്‍കി സര്‍ക്കാര്‍

അനുവദിച്ച തുക തീര്‍ന്നു; ഗവര്‍ണറുടെ വിമാന യാത്രക്ക് 30 ലക്ഷം അധികമായി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് തീരുമാനം.

നടപ്പ് സാമ്പത്തിക വര്‍ഷം വിമാനയാത്രക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിക്കേണ്ടിവന്നത്.

ഡിസംബര്‍ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് നിലനില്‍ക്കുമ്പോഴായിരുന്നു ആവശ്യം. സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കങ്ങളില്‍ മഞ്ഞുരുകിയതോടെ ഫയല്‍ ധനവകുപ്പ് പരിഗണിച്ചു.

ജനുവരി 24 ന് എക്‌സ്‌പെന്‍ഡിച്ചര്‍ വിങ് ഗവര്‍ണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാന്‍ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംങിനോട് ആവശ്യപ്പെട്ടു. ജനുവരി 26 ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിര്‍ദ്ദേവും ഉള്ളപ്പോഴാണ് ഗവര്‍ണര്‍ക്ക് അധിക തുക അനുവദിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.