വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ മിനിമം വേതനത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്. പൗരന്മാരുടെ ചുരുങ്ങിയ വേതനം മണിക്കൂറില്‍ 22.70 ഡോളറായി (ഏകദേശം 1,185.01 ഇന്ത്യൻ രൂപ) ഉയര്‍ത്തി. ശമ്പള പരിഷ്‌കരണം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.
നിലവിലുള്ള മിനിമം വേതനത്തില്‍ 1.50 ഡോളര്‍ വര്‍ധന വരുത്തിയാണ് 22.70 ഡോളറായി ഉയര്‍ത്തിയത്. സ്റ്റാര്‍ട്ടിംഗ്-ഔട്ട് മിനിമം വേതന നിരക്ക് മുതിര്‍ന്നവരുടെ മിനിമം വേതനത്തിന്റെ 80 ശതമാനമായി നിലനിര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 7.2 ശതമാനമായി ഉയര്‍ന്നു. മന്ത്രിസഭ അംഗീകരിച്ച മിനിമം വേതനം ഉപഭോക്തൃ വില സൂചികയ്ക്ക് അനുസൃതമാണെന്നും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാന്‍ ന്യൂസിലാന്‍ഡുകാരെ
പ്രാപ്തരാക്കുമെന്നും ഹിപ്കിന്‍സ് പറഞ്ഞു.
'ദുഷ്‌കരമായ സമയങ്ങളില്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരെ പിന്തുണയ്ക്കേണ്ടത് നിര്‍ണായകമാണ്. ഈ കുടുംബങ്ങള്‍ക്ക് എന്നത്തേക്കാളും ഇപ്പോള്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ് - മിനിമം വേതനം വര്‍ധിപ്പിച്ച നടപടിയെക്കുറിച്ച് ഹിപ്കിന്‍സ് വിശദീകരിച്ചു.
അതേസമയം വ്യാപാര മേഖലയിലുള്ളവര്‍ ഈ വര്‍ധനയെ താങ്ങാനാകാത്തത് എന്നു വിമര്‍ശിച്ചെങ്കിലും നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള, കുറഞ്ഞ വരുമാനമുള്ളവരെ സര്‍ക്കാരിന് അവഗണിക്കാനാവില്ലെന്ന് ഹിപ്കിന്‍സ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, വര്‍ധിച്ച ജീവിതച്ചെലവിനെ നേരിടാന്‍ ന്യൂസിലന്‍ഡുകാരെയും അവരുടെ കുടുംബങ്ങളെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.