കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി കളക്ടര്‍ അന്വേഷിക്കും; കര്‍ശന നടപടിയെന്ന് മന്ത്രി

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി കളക്ടര്‍ അന്വേഷിക്കും; കര്‍ശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയില്‍ കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഇന്ന് എ.ഡി.എം സ്ഥലത്തെത്തി അന്വേഷിച്ചതിന് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് വൈകിട്ട് തന്നെ ലഭിക്കും. ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിശ്ചിത അവധി അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ കൂട്ട അവധി ഏതു വിധത്തിലും പ്രോത്സാഹിപ്പിക്കാനാകില്ല.
അവധി അപേക്ഷ ഒരുമിച്ച് ഉദ്യോഗസ്ഥന്റെ കയ്യില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ മേലധികാരി അതിന് ഉത്തരം പറയേണ്ടി വരും. എന്തിനാണ് പോയത്, ഏതൊക്കെ വിധത്തിലാണ് യാത്രയുള്ളത് എന്നതെല്ലാം വിശദമായി പരിശോധിക്കും.

കോന്നി താലൂക്ക് ഓഫീസിലെത്തിയ ജനം വലഞ്ഞതിനെത്തുടര്‍ന്ന്, എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയിരുന്നു. എംഎല്‍എയുമായി വിഷയം സംസാരിച്ചു. ഇപ്പോല്‍ കേട്ടറിവുകള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയിലും വകുപ്പ് എന്ന നിലയിലും നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ചശേഷം മാതൃകാപരമായ നടപടി സ്വീകരിക്കും. അടുത്തു ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ ലീവ് ചര്‍ച്ച ചെയ്യാന്‍ അജണ്ട വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് ലീവ് എടുക്കുന്നത് എന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൂര്‍ണമായും മേലധികാരികള്‍ക്ക് കിട്ടാന്‍ കഴിയുന്ന തരത്തില്‍ നടപടി സ്വീകരിക്കും.

സാധാരണ ഗതിയില്‍ കീഴ് ജീവനക്കാര്‍ ലീവെടുത്താല്‍ മന്ത്രിയോ വകുപ്പിന്റെ ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരോ അറിയാന്‍ സാധ്യതയില്ല. എന്നാല്‍ ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പാറ്റേണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്. കോന്നി താലൂക്കിലെ കൂട്ട അവധിയില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍, മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകുന്ന തരത്തില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.