അമേരിക്കയില്‍ ചെന്ന് ഹിന്‍ഡന്‍ബര്‍ഗിനോട് പോരാടാന്‍ അദാനി; നിയമ യുദ്ധത്തിന് പ്രശസ്തരായ വാച്ച്ടെല്ലിനെ നിയോഗിച്ചു

അമേരിക്കയില്‍ ചെന്ന് ഹിന്‍ഡന്‍ബര്‍ഗിനോട് പോരാടാന്‍ അദാനി; നിയമ യുദ്ധത്തിന് പ്രശസ്തരായ വാച്ച്ടെല്ലിനെ നിയോഗിച്ചു

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് വന്‍ നഷ്ടമുണ്ടാക്കിയ അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങി ഗൗതം അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടുത്തിടെ കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ അവരുടെ തട്ടകമായ അമേരിക്കയില്‍ ചെന്ന് പോരാടാനാണ് അദാനിയുടെ തീരുമാനം.

അമേരിക്കന്‍ കോടതിയില്‍ നിയമ യുദ്ധം നടത്താനായി യുഎസ് നിയമ സ്ഥാപനമായ വാച്ച്ടെലിനെ അദാനി ഗ്രൂപ്പ് നിയോഗിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാച്ച്ടെല്‍, ലിപ്ടണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്നീ നിയമ സ്ഥാപനങ്ങളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയതായി ബ്രിട്ടീഷ് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനൊടുവിലാണ് വാച്ച്ടെല്ലിനെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ നിയമ സ്ഥാപനം കോര്‍പ്പറേറ്റ് നിയമത്തില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. വലുതും സങ്കീര്‍ണവുമായ ഇടപാടുകള്‍ പതിവായി കൈകാര്യം ചെയ്ത് ദീര്‍ഘകാല പരിചയവുമുണ്ട്.

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരി വില കഴിഞ്ഞ ഒരാഴ്ചയായി കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ജനുവരി 29 ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ 413 പേജുകളുള്ള ഒരു റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് അസത്യങ്ങള്‍ നിറഞ്ഞതെന്നാണ് വിശേഷിപ്പിച്ചത്. ഇതേതുടര്‍ന്ന് അദാനിയെ അമേരിക്കയിലേക്ക് നിയമ യുദ്ധത്തിനായി ഹിന്‍ഡന്‍ബര്‍ഗ് ക്ഷണിച്ചിരുന്നു.

നാഥന്‍ ആന്‍ഡേഴ്‌സണ്‍ (38) എന്ന അമേരിക്കക്കാരന്‍ 2017 ലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് തുടക്കമിട്ടത്. ഓഹരി, കടപ്പത്രം തുടങ്ങിയവയിലെ തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. അദാനിക്കെതിരെ ആരോപണമുന്നയിച്ച ഹിന്‍ഡന്‍ബര്‍ഗ് 'ഷോര്‍ട്ട് സെല്ലിംഗ്' അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്.

ഓഹരികള്‍ യഥാര്‍ത്ഥ ഉടമയില്‍ നിന്ന് കടം വാങ്ങുകയും കൂട്ടത്തോടെ വിറ്റഴിച്ച് വിലയിടിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. വില ഇടിഞ്ഞശേഷം വീണ്ടും വന്‍തോതില്‍ വാങ്ങും. തുടര്‍ന്ന് യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കി ലാഭമെടുക്കും. അദാനിക്കുമേലും ഹിന്‍ഡന്‍ബര്‍ഗിന്റെ ഷോര്‍ട്ട്സെല്ലിംഗ് ഉണ്ടായെന്നാണ് സൂചനകള്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.