ലീല മാരേട്ട് വീണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ലീല മാരേട്ട് വീണ്ടും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ഫൊക്കാനയുടെ അടുത്ത പ്രസിഡണ്ട് സ്ഥാനാർത്ഥിയായി (2024-26) മത്സരിക്കുമെന്ന് ലീല മാരേട്ട് 

സംഘടനയിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവും ഫൊക്കാനയെ ഉന്നതങ്ങളിലേക്ക് നയിക്കുവാനുള്ള കാഴ്ചപ്പാടുമുള്ള ലീല മാരേട്ട് അമേരിക്കയിലെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യമാണ്.

ഫൊക്കാന കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍, ഒർലാണ്ടോ കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ, എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വനിതാ നേതാവാണ് അവർ .
കഴിഞ്ഞ മൂന്നു തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്ന ലീല 2018-2020 വർഷത്തെ തെരെഞ്ഞെടുപ്പിൽ മാധവൻ ബി. നായരോട് നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടിരുന്നു. അടുത്ത ഇലക്ഷനിൽ (2020-22) സംഘടനയിലെ ചില തർക്കങ്ങളും ആശയക്കുഴപ്പങ്ങളും മൂലം പത്രിക സമർപ്പിച്ചില്ല. തുടർന്ന് ജോർജി വർഗീസ് എതിരില്ലാതെ പ്രസിഡണ്ട് ആയി.

ഫൊക്കാനയുടെ ഭൂരിപക്ഷം വരുന്ന നേതാക്കളുടെയും സംഘടനകളുടെയും പിന്തുണയോടെയാണ് കഴിഞ്ഞ തവണ (2022-24) ലീല മാരേട്ട് മത്സരിച്ചത്. എന്നാൽ അവസാന നിമിഷം ഡോ ബാബു സ്റ്റീഫൻ രംഗത്തു വരികയും ലീല പരാജയപ്പെടുകയുമായിരുന്നു.

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികളുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയായ ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു.

2004-ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. 2006-ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി. ശക്തമായ ഇലക്ഷനില്‍ എല്ലാവരും പരാജയപ്പെട്ടിട്ടും ഒറ്റയ്ക്ക് വിജയിച്ചു.

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. 2008-ല്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യങ്ങള്‍ വഴി ലഭിച്ച സാമ്പത്തികം കൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു. ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു.
വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു. കാനഡയിലും ഫിലഡല്ഫിയയിലും നടന്ന രണ്ടു കണ്‍വന്‍ഷനിലും വളരെയധികം രജിസ്ട്രേഷനുകളും, പരസ്യവും ശേഖരിച്ച് അങ്ങേയറ്റം സഹായിക്കുകയുണ്ടായി.
1988 ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താന്‍ ഒരു മനുഷ്യായുസ്സ് മതിയായെന്ന് വരില്ല. ഫൊക്കാനയുടെ അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്.
രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു.

രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴയിൽ അധ്യാപിക ആയിരുന്നു. പിന്നീട് അമേരിക്കയിൽ എത്തിയ ശേഷം ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും വിരമിച്ചു.

ഫൊക്കാനയിലെ സംഘടനാ പ്രവർത്തങ്ങൾക്കു പുറമെ നിരവധി രാഷ്ട്രീയ- സാമുദായിക- സംഘടനാ രംഗത്ത് നേതൃത്വവും സജീവ സാന്നിധ്യവും അറിയിച്ച നേതാവാണ് ലീല. നിലവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്- യു.എസ്.എ (ഐ.ഒ.സി.-യു.എസ്. എ) കേരള ചാപ്പ്റ്റർ പ്രസിഡണ്ട് ആയ ലീല കേരള സമാജം പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു. പ്രവര്‍ത്തിച്ചു. കൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങി ഒട്ടനവധി പദവികളിൽ ലീലാ മാരേട്ട് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നെ വിജയിപ്പിക്കുവാൻ ഫൊക്കാന പ്രവർത്തകരും അഭ്യുദയകാംഷികളും ഒപ്പമുണ്ടാകണമെന്നു ലീലാ മാരേട്ട് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.