ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ഏതൊരു ശ്രമത്തെയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക

ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ഏതൊരു ശ്രമത്തെയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക

ന്യൂയോർക്: ഉക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഏതുതരത്തിലുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. അമേരിക്കയുടെയും റഷ്യയുടെയും സഖ്യകക്ഷിയെന്ന നിലയിൽ ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി ഇക്കാര്യം പറഞ്ഞത്.

പുടിൻ യുദ്ധമവസാനിപ്പിക്കാനുള്ള സമയമായി എന്നാണ് അമേരിക്ക കരുതുന്നത്. ഉക്രെയ്നിന് നേരെയുള്ള അക്രമത്തിന് അവസാനം കുറിയ്ക്കാനുള്ള ഏതു ശ്രമത്തേയും അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു.

ഇത് യുദ്ധകാലമല്ലെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന അദ്ദേഹം വിശ്വസിക്കുന്ന ആശയത്തെ ശരിവെക്കുന്നതാണ്. ”ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഇനിയും സമയമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുടിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കും" കിർബി വ്യക്തമാക്കി.

അതേസമയം റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ഉത്തരവാദിത്തം പുടിനാണെന്നും കിർബി കുറ്റപ്പെടുത്തി. ഈ യുദ്ധം ഇന്നു തന്നെ അവസാനിക്കേണ്ടതാണ്. ഉക്രെയ്ൻ ജനത നേരിടേണ്ടി വന്ന കൊടും ക്രൂരതകൾക്ക് ഉത്തരവാദിയായ ഏകവ്യക്തി പുടിനാണ്. അത് ഏതു നിമിഷവും അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും.

എന്നാൽ അവസാനിപ്പിക്കാനുള്ള യാതൊന്നും പുടിൻ ചെയ്യുന്നില്ല. പകരം ദുരിതമനുഭവിക്കുന്ന ഉക്രെയ്നിന് നേരെ കൂടുതൽ മിസൈലുകൾ അയച്ച് ഉക്രെയ്ൻ ജനതയെ കൂടുതൽ ദ്രോഹിക്കാനുള്ള ശ്രമമാണ് പുടിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഉക്രെയ്ൻ യുദ്ധം ആരംഭിച്ച് ഒരു വർഷത്തോട് അടുക്കുന്ന വേളയിൽ കിർബി ആരോപിച്ചു.

സമാധാന ഉടമ്പടിക്കായി സെലെൻസ്‌കി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, അതിലെ പ്രധാന ആവശ്യം റഷ്യ തങ്ങളുടെ എല്ലാ സൈനികരെയും ഉക്രെയ്‌നിന്റെ പ്രദേശത്ത് നിന്ന് പിൻവലിക്കണം എന്നതാണ്. 2014 ൽ റഷ്യ പിടിച്ചടക്കിയ തർക്ക പ്രദേശമായ ക്രിമിയൻ പെനിൻസുലയുടെ ഉടമസ്ഥാവകാശം മറ്റ് പ്രശ്‌നങ്ങൾക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമാണ്.

റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ പലതവണ നയതന്ത്രതലത്തിൽ ആവശ്യപ്പെട്ടിരുന്നു. 2022 സെപ്തംബറിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി പുടിനുമായുള്ള കൂടിക്കാഴ്ച നടത്തിയ മോദി അദ്ദേവഹത്തോട് "ഈ കാലഘട്ടം യുദ്ധത്തിന്റെതല്ല" എന്ന് വ്യക്തമാക്കിയപ്പോൾ അത് അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തു.

സംഘർഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടും വിഷയത്തിൽ ഇന്ത്യ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളും തനിക്കറിയാമെന്നും എത്രയും വേഗം ഇത് അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നുമായിരുന്നു അന്ന് റഷ്യൻ നേതാവിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.