ലോറിക്കടിയില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡില്‍ കിടന്നത് എട്ട് മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു

ലോറിക്കടിയില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡില്‍ കിടന്നത് എട്ട് മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികില്‍ കിടന്നത് എട്ട് മണിക്കൂറോളം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തില്‍ തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വാഴ വിത്തുമായി എത്തിയ ലോറി വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോള്‍ രതീഷ് ലോറിക്കടിയില്‍ പെടുകയായിരന്നു. അല്‍പ്പദൂരം മുന്നോട്ട് നീങ്ങിയ ലോറി നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഡ്രൈവര്‍ രതീഷിനെ റോഡരികിലേക്ക് മാറ്റി കിടത്തി. തുടര്‍ന്ന് ലോറി ഓടിച്ചു പോവുകയായിരുന്നു.

രാവിലെ എട്ട് മണിയോടെ നാട്ടുകാരാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അപകടമുണ്ടാക്കിയ ലോറി തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

തക്കല സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. തന്റെ ലോറി കയറിയാണ് രതീഷിന് അപകടമുണ്ടായതെന്ന് അറിയില്ലായിരുന്നുവെന്നാണ് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. മറ്റേതെങ്കിലും വാഹനം ഇടിച്ചാകാം യുവാവിന് പരിക്കേറ്റതെന്ന് കരുതി റോഡിനരികിലേക്ക് മാറ്റി കിടത്തുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

എന്നാല്‍ എന്ത് കൊണ്ട് പൊലീസിനെ വിവരം അറിയിച്ചില്ലെന്ന ചോദ്യത്തിന് ഡ്രൈവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റമാണ് കൃഷ്ണകുമാറിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.