ബംഗളൂരു: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി ബംഗളൂരു എഫ്സിക്ക് ഏകപക്ഷീയ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വന്തം തട്ടകത്തില്‍ ബംഗളൂരു വിജയക്കൊടി പാറിച്ചത്. കൊച്ചിയിലെ തോല്‍വിക്ക് കേരള ബ്ലാസ്റ്റേഴ്സിനോടുള്ള പകരം വീട്ടല്‍ കൂടിയായിരുന്നു ജയം. തുടര്‍ച്ചയായ ആറാം ജയത്തോടെ ബംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
കളിയുടെ തുടക്കം മുതല്‍ തന്നെ ബംഗളൂരുവിനായിരുന്നു മുന്‍തൂക്കം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ബംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. ജാവിയര്‍ ഹെര്‍ണാണ്ടസ് നല്‍കിയ പന്തുമായി ബോക്സിലേക്ക് മുന്നേറിയ കൃഷ്ണ, ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിനും പോസ്റ്റിനും ഇടയിലെ സ്ഥലത്തിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ വിജയ ഗോള്‍. മറുവശത്ത് സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇരുപകുതിയിലും വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 73-ാം മിനിറ്റില്‍ കെ.പി. രാഹുലിനെയും 82-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിനേയും പിന്‍വലിച്ച് പകരക്കാരന്‍ വന്നിട്ടും പ്രയോജനമുണ്ടായില്ല.
ജയിച്ചിരുന്നേല്‍ മഞ്ഞപ്പടയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. തോല്‍വിയോടെ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്സിക്കുമെതിരായ അവസാന മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായി. 18 കളികളില്‍ നിന്ന് 28 പോയന്റുള്ള ബംഗളൂരു അഞ്ചാം സ്ഥാനത്താണ്. 31 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.