ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉള്‍പ്പടെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മഹാരാഷ്ട്ര ഗവര്‍ണറായി നിലവിലെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്‌സിനെയാണ് നിയമിച്ചത്. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനത്തു നിന്നൊഴിയാന്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവജിക്കെതിരെ സംസാരിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത രോഷത്തിനിരയായിരുന്നു ഭഗത് സിങ് കോഷിയാരി. തുടര്‍ന്ന് രാജി വയ്ക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമാണ് കോഷിയാരി.
സി.പി.രാധാകൃഷ്ണനാണ് പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണര്‍. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് ആണ് അരുണാചല്‍ പ്രദേശിലെ പുതിയ ഗവര്‍ണര്‍. അരുണാചലിലെ ഗവര്‍ണറായിരുന്ന ബ്രിഗേഡിയര്‍ ബി.ഡി മിശ്രയെ ലഡാക്ക് ലഫ്. ഗവര്‍ണറായി മാറ്റി നിയമിച്ചു. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവര്‍ണര്‍. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും.
ആന്ധ്രയുടെ ഗവര്‍ണായിരുന്ന ബിശ്വഭൂഷണ്‍ ഹരിചന്ദ്രയെ ഛത്തീസ്ഗഡിലേക്ക് മാറ്റി. ദക്ഷിണ കന്നഡ സ്വദേശിയായ റിട്ട. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആണ് ആന്ധ്രയുടെ പുതിയ ഗവര്‍ണര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്ന അബ്ദുള്‍ നസീര്‍ മുത്തലാക്കിനെതിരെ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിലും അംഗമായിരുന്നു.
ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനസൂയ ഉയിക്യയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂരിലെ ഗവര്‍ണറായിരുന്ന ഗണേശനെ നാഗാലാന്‍ഡിലേക്കും മാറ്റി നിയമിച്ചു. ബീഹാര്‍ ഗവര്‍ണാറായിരുന്ന ഫാഗു ചൗഹാനെ മേഘാലയയിലേക്ക് മാറ്റി. ഹിമാചലിലെ നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ബിഹാറിലെ പുതിയ ഗവര്‍ണര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.