പത്തനംതിട്ട: ബജറ്റിലെ നികുതി ഭാരത്തിൽ സർക്കാരിന് വിമർശനത്തോടെ ചരിത്ര പ്രസിദ്ധമായ ആത്മീയ സംഗമത്തിന് പമ്പാ തീരത്ത് തുടക്കം. മകരച്ചൂടിന്റെ കാഠിന്യത്തിൽ ഓലപന്തലും മണല്‍പ്പരപ്പും നിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്ത 127ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഇന്ധന സെസും വെള്ളക്കരം വർധനയും സാധാരണക്കാരന് താങ്ങാനാവാത്തതാണെന്ന് ഉദ്ഘടന പ്രസംഗത്തിൽ മെത്രാപ്പൊലീത്ത പറഞ്ഞു. സ്ത്രീകള്‍ക്കെതിരായിട്ടുള്ള അക്രമങ്ങള്‍, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം, വിലക്കയറ്റം തുടങ്ങിയവ സാമൂഹിക ജീവിതങ്ങളില്‍ ദുരിതവും അസമാധാനവും ഉണ്ടാക്കുന്നു. തൊഴിലില്ലായ്മയിൽ സംസ്ഥാനം ദേശീയ കണക്കിനേക്കാൾ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപ്പൊലീത്ത കുറ്റപ്പെടുത്തി.
വാര്‍ത്താ മാധ്യമ രംഗത്ത് ചില ന്യൂനതകളുണ്ട്. തെറ്റിധരിപ്പിക്കുന്ന വാര്‍ത്താ വിനിമയം സത്യത്തിന്റെ അംശങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന വാര്‍ത്തകളുടെ ആധികാരികതയും സത്യസന്ധതയും പുനപരിശോധിക്കുവാന്‍ കഴിയാതെ പോകുന്നുണ്ട്. തലമുറകളുടെ എല്ലാ വ്യവഹാരങ്ങളിലും ജീവിത പരിസരങ്ങളിലും നവ മാധ്യമങ്ങള്‍ ഇടം പിടിക്കുമ്പോള്‍ നന്മ വിവേചിച്ച് അറിയുവാന്‍ യുവതലമുറ പരാജയപ്പെടുന്നുവെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.
രാഷ്ട്രത്തിന്റെ വിവിധയിടങ്ങളില്‍ അക്രമിക്കപ്പെടുന്ന സുവിശേഷകരുടെ സംരക്ഷണത്തിന് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനായി പ്രധാന മന്ത്രിയുടെ ശ്രദ്ധ കണ്‍വന്‍ഷന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനൂതന സാധ്യതകളുടെ വെളിച്ചത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഊറ്റം കൊള്ളുന്ന ഇന്നിന്റെ സമൂഹം സകലവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഇതിലൂടെ സാദ്ധ്യമാകുമെന്ന അബദ്ധ ധാരണയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളിലൂടെ പുനരന്വേഷത്തിലേക്ക് കണ്‍വന്‍ഷന്‍ നമ്മെ നയിക്കണെന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, തോമസ് മാര്‍ തിമോഥിയോസ് എപ്പിസ്‌കോപ്പ, ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ, ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ, തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, ബിഷപ് ദിലോരാജ് ആർ കനഗസാബെ (ശ്രീലങ്ക), കാനൻഡമാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ് റാഫേൽ തട്ടിൽ, ഡോ.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, വീണ ജോർജ്, സഭാ സെക്രട്ടറി റവ. സി.വി. സൈമൺ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് മാനദണ്ഡ പ്രകാരം ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ 1500 പേർക്ക് വീതമാണ് പ്രവേശനം. നാളെ മുതൽ ദിവസവും രാവിലെ 10 നും വൈകിട്ട് അഞ്ചിനും പൊതുയോഗങ്ങൾ നടക്കും. ‘കോവിഡിന്റെ പിടിയിലമർന്ന നാടിന്റെ പൂർണ സൗഖ്യത്തിനായുള്ള പ്രാർഥന’ എന്നതാണ് കൺവൻഷന്റെ ചിന്താവിഷയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26