കേപ്ടൗണ്‍: 2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ ചിര വൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യയുടെ പെൺപട തകർത്തത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ മറികടന്നു. സ്‌കോര്‍: പാകിസ്ഥാന്‍ 20 ഓവറില്‍ നാലിന് 149. ഇന്ത്യ 19 ഓവറില്‍ മൂന്നിന് 151. വനിതാ ട്വന്റി 20 ലോകകപ്പില്‍ ചേസിങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ജെമീമ 38 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ 53 റണ്‍സെടുത്തു. വാലറ്റത്ത് അടിച്ചു തകര്‍ത്ത റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ റിച്ചയും ജെമീമയും നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. റിച്ച ഘോഷ് 20 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറി സഹിതം 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
150 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും 38 റണ്‍സ് ചേര്‍ത്തു. 17 റണ്‍സാണ് യസ്തികയുടെ സമ്പാദ്യം. 25 പന്തില്‍ 33 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
ഐമാന്‍ അന്‍വര്‍ ചെയ്ത 18-ാം ഓവര്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ ഓവറില്‍ റിച്ച ഘോഷ് മൂന്ന് ഫോറുകളടിച്ചുകൊണ്ട് വിജയലക്ഷ്യം രണ്ടോവറില്‍ 14 റണ്‍സായി കുറച്ചു. തൊട്ടടുത്ത ഓവറില്‍ വിജയം നേടിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചു. പാകിസ്ഥാന് വേണ്ടി നഷ്‌റ സന്ധു രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാദിയ ഇഖ്ബാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ട്വന്റി 20 യില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്ഥാന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.
ബിസ്മ 55 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 68 റണ്‍സെടുത്തു. ബിസ്മയ്‌ക്കൊപ്പം ആറാമതായി ക്രീസിലെത്തിയ അയേഷ നസീമും മികച്ച പ്രകടനം പുറത്തെടുത്തു. അയേഷ 24 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സറിന്റെയും ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂനീബ അലി (12), ജവേരിയ ഖാന്‍ (8), നിദ ദാര്‍ (0), സിദ്ര അമീന്‍ (11) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.
ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവ് നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.