സഖ്യ നിലപാടിലും മാറ്റം; ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകൂടാമെന്ന് പിണറായി വിജയൻ

സഖ്യ നിലപാടിലും മാറ്റം; ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകൂടാമെന്ന് പിണറായി വിജയൻ

കോട്ടയം: തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായ്‌ സഖ്യം ഉണ്ടാക്കുന്നതിനെ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് കൂട്ടുകെട്ടുകളുണ്ടാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ പറഞ്ഞു. 

ത്രിപുരയിൽ വരുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസുമായി സഹകരിക്കുന്നത് സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിനാശകരമായ സ്ഥിതിയിലേക്കെത്തിക്കുന്ന ബിജെപിക്കെതിരേ ഓരോ സംസ്ഥാനത്തും പ്രാദേശികമായ സഖ്യങ്ങളാണ് വേണ്ടത്. ദേശിയ തലത്തിലും ബിജെപിക്കെതിരെ ശക്തമായ മുന്നണി വരേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. 

രാജ്യത്തൊരിടത്തും കോൺഗ്രസുമായുള്ള സഖ്യം ചേരലിനെ ശക്തമായി എതിർത്തിരുന്ന വ്യക്തിയാണ് പിണറായി വിജയൻ. ഈ നിലപാടിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ത്രിപുരയിൽ സിപിഎം-കോൺഗ്രസ്‌ സഖ്യം വിജയിച്ചാൽ മുഖ്യമന്ത്രി സിപിഎമ്മിൽ നിന്നായിരിക്കുമെന്ന് കോൺഗ്രസ്‌ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം-കോൺഗ്രസ്‌ സഖ്യത്തെ അനുകൂലിച്ച് പിണറായി വിജയൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിലൂടെ സിപിഎം തോൽവി അംഗീകരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സിപിഎമ്മിനാകില്ല. ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ള സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് ലജ്ജിക്കണമെന്നും ബിജെപിയുടെ വിജയ സങ്കല്പ്‌ റാലിയിൽ ഷാ കൂട്ടിച്ചേർത്തു.

ത്രിപുരയിലെ ഗോത്ര വർഗത്തെ കാലങ്ങളോളം വഞ്ചിച്ച പാർട്ടിയാണ് സിപിഎം. ഇപ്പോൾ ഗോത്ര വർഗത്തിലുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണിച്ച് ജനങ്ങളെ വീണ്ടും വഞ്ചിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ത്രിപുരയുടെ സമഗ്രവികസനത്തിനായാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും അമിത്ഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.