കണ്ണൂര്‍: വേനല്‍ ശക്തമാകുന്നതിന് മുമ്പേതന്നെ കേരളത്തില്‍ കനത്ത പകല്‍ച്ചൂട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അത്യുഷ്ണണവും അതിശൈത്യവും അനുഭവപ്പെടാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
മലയോര മേഖലകളിലൊഴികെ പകല്‍ച്ചൂട് 32-34 ഡിഗ്രി സെല്‍ഷ്യസും രാത്രി ചൂട് 23-25 ഡിഗ്രി സെല്‍ഷ്യസുമാണ് ഈ മാസം ആദ്യവാരത്തില്‍ അനുഭവപ്പെട്ടത്. ഇന്നലെ 31ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് കൂടുതല്‍ രേഖപ്പെടുത്തിയതെങ്കിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇത് 36.0, 40.3, 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപ നില ഉയര്‍ന്നിരുന്നു. ഇത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ആറ് ഡിഗ്രിയോളം കൂടുതലാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏറ്റവും കൂടിയ പകല്‍ താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. മറ്റുജില്ലകളിലും ചൂടി ദിനംപ്രതി കൂടിവരികയാണ്. പലയിടങ്ങളിലും ജലായശങ്ങളും കിണറുകളും വറ്റിത്തുടങ്ങി.
ശൈത്യകാലം ഫെബ്രുവരി ആദ്യവാരം വരെ മാത്രമാണ് നീണ്ടുനിന്നത്. തുടര്‍ന്നിങ്ങോട്ട് ഉഷ്ണകാലം പോലെ താപനില ദിനം പ്രതി കൂടുകയും ആയിരുന്നു.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭപ്പെടാറുള്ള ചൂടാണ് ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ തന്നെ നേരിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ജില്ലകളില്‍ കണ്ണൂരുമുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആര്‍ദ്രത വര്‍ധിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ കൂടിയ ചൂട് അനുഭവപ്പെടാന്‍ കാരണമാകും. ഈര്‍പ്പത്തിന്റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇപ്പോഴും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ക്രമാതീതമായി ഉയരുന്ന ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. ഇവര്‍ സൂര്യാഘാതം, നിര്‍ജലീകരണം, സൂര്യാതാപം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള മുന്‍കരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.
വേണം ശ്രദ്ധ
ചൂട് കൂടുന്ന സാഹചര്യത്തില്‍ ദിവസവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ഒരോ വ്യക്തിയും എത്രത്തോളം വെയില്‍, ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും.
ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സാഹച്യര്യം ഒഴിവാക്കുക
മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.