സൊമാലിയൻ ഉള്‍പ്രദേശത്ത് അമേരിക്കയുടെ വ്യോമാക്രമണം; 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സൊമാലിയൻ ഉള്‍പ്രദേശത്ത് അമേരിക്കയുടെ വ്യോമാക്രമണം; 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വാഷിംഗ്ടണ്‍: സൊമാലിയയിലെ ഉള്‍പ്രദേശത്ത് 12 അല്‍-ഷബാബ് ഭീകരരെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന വ്യക്തമാക്കി അമേരിക്ക ആഫ്രിക്ക കമാന്‍ഡ് (ആഫ്രിക്കോം). സൊമാലിയൻ ഫെഡറൽ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം അൽ-ഷബാബിനെതിരായ സോമാലിയൻ നാഷണൽ ആർമി ഇടപെടലുകളെ പിന്തുണച്ചുകൊണ്ടായിരുന്നു വ്യോമാക്രമണം.

സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവില്‍ നിന്ന് 472 കിലോമീറ്റര്‍ വടക്കുകിഴക്കായായുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് സംയുക്തസേന വ്യോമാക്രമണം നടത്തിയത്. സംഭവത്തില്‍ സാധാരണക്കാര്‍ക്കാര്‍ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും ആഫ്രിക്കോം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സാമ്പത്തിക പരിഷ്കരണം, സാമൂഹികവും രാഷ്ട്രീയവുമായ അനുരഞ്ജനം, മതപരമായ സഹിഷ്ണുത എന്നിവയാണ് അന്താരാഷ്ട്ര ഭീകരർക്കെതിരെ സമൂഹത്തെ അണിനിരത്താനുള്ള തന്റെ തന്ത്രത്തിന്റെ പ്രധാന സ്തംഭങ്ങളെന്ന് സോമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പരസ്യമായി പ്രസ്താവിച്ചിരുന്നു.

തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ പരമ്പരാഗത സൈനിക മാർഗങ്ങൾക്കപ്പുറമുള്ള ഇടപെടൽ ആവശ്യമാണെന്നും പ്രസ്താവനയും പറയുന്നു. സൊമാലിയൻ ഫെഡറൽ ഗവൺമെന്റിന് മാനുഷിക, സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകുന്ന നിരവധി രാജ്യങ്ങളിൽ പ്രധാനപ്പെട്ട രാജ്യമാണ് അമേരിക്ക.

അല്‍-ഷബാബ് ഭീകരരെ നേരിടാന്‍ അമേരിക്കൻ സൈന്യത്തെ പുനര്‍ വിന്യസിക്കണമെന്ന പെന്റഗണ്‍ അഭ്യര്‍ത്ഥന പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. 2020 ല്‍ സൊമാലിയയില്‍ വിന്യസിച്ചിരുന്ന അമേരിക്കൻ സൈനിക കമാന്‍ഡിനെ പ്രസിഡന്റ് ട്രംപ് തിരിച്ചു വിളിച്ചിരുന്നു. ട്രംപിന്റെ തീരുമാനം തിരുത്തിയ ബൈഡന്‍ 500 സൈനികരെയാണ് സൊമാലിയയിലേക്ക് അയച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം നടത്തിയ വ്യോമാക്രമണത്തില്‍ 30 ഭീകരരെ അമേരിക്കൻ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ നടത്തിയ ആക്രമണത്തില്‍ 17 ഭീകരരും കൊല്ലപ്പെട്ടു. ഡിസംബറില്‍ കഡാലെ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.