ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക പള്ളി കൂട്ടനടത്തം സംഘടിപ്പിക്കുന്നു

ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക പള്ളി കൂട്ടനടത്തം സംഘടിപ്പിക്കുന്നു

ദുബായ് :ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക പള്ളി മേഴ്‌സിത്തോണ്‍ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു. നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 19 ന് ഞായറാഴ്ച ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടക്കുന്ന കൂട്ടനടത്തത്തില്‍ പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാദര്‍ ലെനി കോന്നൂലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2017-ല്‍ പള്ളിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യത്തെ മേഴ്‌സിത്തോണ്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആറ് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കാണ് പണം സമാഹരിച്ചത്. എന്നാല്‍, ഇത്തവണ 60 കാന്‍സര്‍ രോഗികളുടെ ചികിത്സയാണ് മേള്‍സിത്തോണിന്‍റെ ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ലെബനന്‍ തുടങ്ങി വിവിധ രാജ്യക്കാരും മതക്കാരുമായ 60 കാന്‍സര്‍ രോഗികള്‍ക്കായി 38 ലക്ഷം ദിര്‍ഹം ചികിത്സയ്ക്കായി വേണ്ടി വരും. ഇതിന്‍റെ ഭാഗമായാണ് എ വാക്ക് ഫോര്‍ ഹോപ്പ് എന്ന സന്ദേശവുമായുള്ള നടത്തം.

ദുബായ് സർക്കാരിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. സംഗീതം, നൃത്തം , ഭക്ഷണം, മത്സരങ്ങള്‍ , നറുക്കെടുപ്പ് തുടങ്ങിയ ഉള്‍പ്പടെയുളള ഏകദിന പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. 4 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാകും. നാലു വയസ്സിന് താഴെയും 70 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ റോഡോള്‍ഫോ, സമാരിറ്റന്‍ കൂട്ടായ്മയിലെ സൂസന്‍ ജോസ് , ജോഹാന ഫെര്‍ണാണ്ടസ്, സെലീന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.