പ്രഥമ വനിതാ ഐപിഎല്‍ ലേലത്തില്‍ വിലയേറിയ താരമായി സ്മൃതി മന്ദാന; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത് 3.4 കോടിക്ക്

പ്രഥമ വനിതാ ഐപിഎല്‍ ലേലത്തില്‍ വിലയേറിയ താരമായി സ്മൃതി മന്ദാന; റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത് 3.4 കോടിക്ക്

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാന. 3.4 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് സ്മൃതിയെ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ആഷ്ലി ഗാര്‍ഡ്നറിനും നതാലി സൈവറിനുമായി നടത്തിയ കടുത്ത മത്സരത്തിനൊടുവിലാണ് താരം ബാംഗ്ലൂരില്‍ എത്തിയത്. 3.2 കോടി രൂപയ്ക്ക് ആഷ്ലി ഗാര്‍ഡ്നറെ ഗുജറാത്ത് ജയന്റ്സും നതാലി സൈവറിനെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി. ഓരോ ടീമിനും പരമാവധി 10 കോടി രൂപയാണ് താരങ്ങളെ സ്വന്തമാക്കാനായി ചെലവാക്കാനാകുക.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍ പ്രീത് സിങിനെ 1.8 കോടിക്ക് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചപ്പോള്‍ ഓപ്പണര്‍ ഷഫാലി വര്‍മയെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ ബൗളറായ ഇംഗ്ലണ്ടിന്റെ സോഫി എക്കെല്‍സ്റ്റോണിനെ യുപി വാരിയേഴ്സാണ് സ്വന്തമാക്കിയത്. 1.8 കോടി രൂപയ്ക്കാണ് താരത്തെ തങ്ങളുടെ ക്യാമ്പില്‍ എത്തിച്ചത്. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെയ്ക്കുന്ന ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് 2.2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി.

1.9 കോടി രൂപ മുടക്കി ഇന്ത്യയുടെ പൂജ വസ്ത്രാകറിനെ മുംബൈ ഇന്ത്യന്‍സും 1.8 കോടി രൂപയ്ക്ക് പേസ്ബൗളര്‍ രേണുക സിങിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സ്വന്തമാക്കി. ലോകകപ്പില്‍ കളിച്ച പര്‍ഷവി ചോപ്രയെ അടിസ്ഥാന വിലയായ 10 ലക്ഷത്തിന് യുപി വാരിയേഴ്സും തിദാസ് സദുവിനെ 25 ലക്ഷത്തിന് ഡല്‍ഹി കാപിറ്റല്‍സും പ്രഥമ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ശ്വേത സെഹ്രാവതിനെ 40 ലക്ഷത്തിന് യുപി വാരിയേഴ്സും ടീമിലെത്തിച്ചു.

ദേവിക വൈദ്യയെ 1.4 കോടിക്ക് യുപി വാരിയേഴ്സും ദയാലന്‍ ഹേമലതയെ 30 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്സും സ്വന്തമാക്കി. ഇന്ത്യന്‍ താരം പ്രിയ പൂനിയ അണ്‍സോള്‍ഡായി. അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച സോനം യാദവ്, അര്‍ച്ചന ദേവി, ഹൃഷിത ബസു, സൗമ്യ തിവാരി എന്നിവരെയും ടീമുകള്‍ എടുത്തിട്ടില്ല.

കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. അതേസമയം അണ്ടര്‍ 19 ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്ന നജ്ല സിഎംസിയെ ആരും സ്വന്തമാക്കിയില്ല. താരലേലം രാത്രി വൈകിയും തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.