ന്യൂഡൽഹി: പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരിൽ മണ്ഡല പുനക്രമീകരണത്തിനായി കമ്മിഷനെ രൂപീകരിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിച്ച് സുപ്രീം കോടതി. പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏത് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമാണെന്ന് മൂന്ന്, നാല് വകുപ്പുകൾ വ്യാഖ്യാനിച്ച് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ മണ്ഡല പുനക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടിയെ ചോദ്യം ചെയ്ത് ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൽ ഗനി ഖാനും ഡോ.മുഹമ്മദ് അയൂബ് മട്ടുവും സമർപ്പിച്ച ഹർജിയിലാണ് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്.ഓക്ക എന്നിവരുടെ ഉത്തരവ്. കമ്മിഷൻ രൂപീകരിച്ച നടപടി ബെഞ്ച് ശരിവക്കുകയും ചെയിതു.
എന്നാൽ കമ്മിഷൻ രൂപീകരിച്ച നടപടി ശരിവച്ചതിനെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച നടപടികളുടെ അംഗീകരമാണെന്ന നിലയിൽ വ്യാഖ്യാനിക്കരുതെന്ന് കോടതി മുന്നറിയിപ്പു നൽകി. പ്രത്യേക പദവി പിൻവലിച്ചതും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഒട്ടേറെ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അത് സംബന്ധിച്ച വ്യാഖ്യാനങ്ങൾ അതത് ഹർജികൾ പരിഗണിക്കുമ്പോൾ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിൻവലിക്കാനും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും നടപടിയുണ്ടായത്. പുതുച്ചേരി പോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീർ എന്നും വ്യവസ്ഥ ചെയ്തു. തുടർന്നാണ് മണ്ഡല പുനക്രമീകരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കമ്മിഷൻ രൂപീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.