സുഹൃത്ത് -ഉയിരിനോ ഉടലിനോ

സുഹൃത്ത് -ഉയിരിനോ ഉടലിനോ

"എന്ന്, നിന്റെ സ്വന്തം വാലന്റൈൻ” എന്ന് വാലന്റൈൻ എന്ന പുരോഹിതൻ എഴുതിയത്, തന്റെ ജയിലഴികൾക്കു കാവൽ നിന്ന അസ്‌തേരിയുസ് എന്ന ജയിലറുടെ മകൾക്കാണ്. ജയിൽവാസ കാലത്ത് ജയിലറെയും കുടുംബത്തേയും പരിചയപ്പെട്ടതാണ്. മാരകരോഗിയായ ജയിലറുടെ മകളെ യേശുക്രിസ്തുവിന്റെ നാമത്തിലാണ് പ്രാർത്ഥിച്ചു സുഖപ്പെടുത്തിയത്. തൂക്കുമരത്തിലേക്കു പോകുന്നതിനു മുമ്പ് ആ കുട്ടിക്ക് ഭാവിജീവിതത്തിന് ആശംസ നേർന്നു കുറിച്ച് ആ വാത്സല്യാക്ഷരങ്ങളുടെ പേരിലാണ് പിന്നീട് ഫാ. വാലന്റൈൻ പ്രസിദ്ധനായത്. ക്രിസ്തുവിൽ വിശ്വസിച്ചിരുന്നവരെ തെരഞ്ഞുപിടിച്ച് കൊന്നിരുന്ന റോമൻ മതപീഢനകാലത്ത്, വിവാഹം നിഷേധിക്കപ്പെട്ട ക്രിസ്ത്യാനികളായ റോമൻ പട്ടാളക്കാർക്ക് രഹസ്യമായി വിവാഹം നടത്തിക്കൊടുത്തതിന്റെ പേരിലായിരുന്നു, ഫാ. വാലന്റൈന്റെ ജയിൽവാസം. 'ദി ഡിക്ഷ്ണറി ഓഫ് ക്രിസ്റ്റ്യാനിറ്റി' എഴുതിയ ജെ.സി. കൂപ്പറാണ് വി. വാലന്റൈന്റെ കഥകൾ വിവരിക്കുന്നത്. പിന്നീട് യൂറോപ്യൻ നാടോടി സംസ്കാരത്തിന്റെ ഭാഗമായി വളർന്ന ഇദ്ദേഹത്തെ ആധുനിക ആംഗ്ലോ അമേരിക്കൻ സംസ്കാരമാണ് പ്രണയികളുടെ പുണ്യവാനാക്കിയത് എന്നു കരുതപ്പെടുന്നു.

ഇന്ന് പല പാശ്ചാത്യരാജ്യങ്ങളിലും വാലന്റൈൻ വസന്തകാലത്തിന്റെ വിശുദ്ധനായി വവാഴ്ത്തപ്പെടുന്നുണ്ട്. ആരേയും പുണ്യവാനും പാപിയുമാക്കാൻ കഴിവുള്ള മാധ്യമ തമ്പുരാക്കന്മാരുടെ ഈ ന്യൂജന റേഷൻ കാലത്ത് ഫെബ്രുവരി 14 ഒരു പ്രണയവിപണന ദിനമായിരിക്കാം. വിശുദ്ധ വാലന്റൈന്റെ പേരും പറഞ്ഞ് വാലും തലയും നഷ്ടപ്പെട്ട കൗമാര യൗവന സൗഹൃദങ്ങളുടെ കൂത്തും കൂടിയാട്ടവും നടത്താനുള്ള ദിനമാണോ ഇത് എന്ന് സൗഹൃദഭാവത്തിന്റെ ഉടമസ്ഥർ ചിന്തിക്കേണ്ടതുണ്ട്. സൗഹൃദം ജീവിതത്തിന്റെ ഏറ്റവും സൗന്ദര്യമുള്ള അനുഭവമാണ്. സൗഹൃദ നഷ്ടം ജീവിത ത്തിന്റെ വൈരൂപ്യവുമാണ്. നല്ല സുഹൃത്തുക്കൾ നമുക്കോരോരുത്തർക്കും ഉണ്ടാകണം. “എല്ലാവരിൽനിന്നും സൗഹൃദം സ്വീകരിച്ചുകൊള്ളൂ, എന്നാൽ, ആയിരത്തിൽ ഒരുവനിൽനിന്നെ ഉപദേശം സ്വീകരിക്കാവൂ. വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ഠമായ സങ്കേതമാണ്, അവനെ കണ്ടെത്തിയവൻ ഒരു നിധി നേടിയിരിക്കുന്നു" എന്നാണ് വി. ബൈബിൾ പറയുന്നത്. നല്ല ജീവിത വിജയങ്ങളുടെ പിന്നിൽ ആത്മാർത്ഥ സൗഹൃദങ്ങളുടെ ഇഴപിരിയാത്ത കഥകളുണ്ട്. എന്നാൽ, ഇന്ന് ജീവിത വിജയം നല്കുന്ന എത്ര സൗഹൃദങ്ങൾ ഉണ്ട്? ഫെയ്സ് ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റുകൾക്ക് ലൈക്ക് കൊടുത്ത് പെരുപ്പിക്കുന്ന അക്കങ്ങളുടെ ആധിക്യങ്ങളിൽ ആത്മാർത്ഥ സൗഹൃദങ്ങളുടെ വെണ്മ കാണാനില്ലല്ലോ!

“ഞാൻ സ്നേഹിക്കപ്പെടുന്നു” എന്ന അനുഭവമാണ് സൗഹൃദം. ആത്മവിശ്വാസത്തിന്റെ ഒരു ഔഷധവുമാണത്. എന്നാൽ, ഇന്ന് സൗഹൃദാനുഭവങ്ങളുടെ കഥകൾ പുഞ്ചിരികൊണ്ടു തുടങ്ങി കണ്ണീരുകൊണ്ടെഴുത്തീർക്കുകയാണ്. ഇന്ന് പരസ്പരമുള്ള സൗഹൃദത്തിന്റെ യാത്ര എവിടെ വരെയാണ്? അനുഭവങ്ങൾ പലതും ആത്മീയമല്ല. അനുദിന സൗഹൃദ വാർത്തകൾ അധികവും ആത്മാവിലേക്കെത്തുന്നുമില്ല. വർത്തമാനകാല ഉദാഹരണങ്ങളെല്ലാംതന്നെ ഉടലിലുടക്കുന്നു,ഉടലിലൊടുങ്ങുന്നു. ഉടലിനപ്പുറത്ത്, എന്റെ ഉയിരിന്റെ, ജീവന്റെ കാവൽ സ്ഥാനപതികളായി സുഹൃത്തുക്കൾ മാറുന്നുണ്ടോ? ഇന്നു നവമാധ്യമങ്ങളുടെ വഴിവെട്ടുന്ന വാട്സ്ആപ്പും, വൈബറും കൈപ്പും ചാറ്റിംഗുമെല്ലാം നിർമിക്കുന്ന സൈബർ പ്രണയത്തിന്റെ നീലാകാശങ്ങളിൽ സുഹൃത്തിന്റെ ഉടൽ കൊത്തിപ്പറിക്കാൻ വട്ടമിട്ടു പറന്നിറങ്ങുന്ന കാമപ്പരുന്തുകളുടെ സീൽക്കാരങ്ങൾക്കിടയിൽ, വിശുദ്ധ വാലന്റൈൻ, നീ പകർന്ന സംശുദ്ധ സൗഹൃദത്തിന്റെ ഇടം എവിടെയാണ്?

ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ' പ്രപഞ്ചമാനസം' എന്ന ഗ്രന്ഥ്ത്തതിൽനിന്ന്

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.