ഇന്ന് പുല്‍വാമ ദിനം; വീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ഇന്ന് പുല്‍വാമ ദിനം; വീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

ന്യൂഡല്‍ഹി: 40 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമ ആക്രമണത്തിന് ഇന്ന് നാല് വര്‍ഷം. ബാലാകോട്ടിലൂടെ പുല്‍വാമ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പുല്‍വാമയില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ ഓര്‍മ പുതുക്കുകയാണ് രാജ്യം.

2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്.

2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ല്‍ അവന്തിപ്പോരയ്ക്കടുത്ത് സമീപം ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. ഉഗ്രഫോടനത്തില്‍ ചിന്നിച്ചിതറിയ ബസിലെ 40 സൈനികര്‍ വീരമൃത്യു വരിച്ചു.

നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദ് ദര്‍ ആയിരുന്നു ചാവേര്‍. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം മിന്നലാക്രമണത്തില്‍ ഇന്ത്യന്‍ സേന തകര്‍ത്തു. നിയന്ത്രണ രേഖ മറികടന്ന് അതീവ രഹസ്യമായിട്ടായിരുന്നു സൈന്യത്തിന്റെ നീക്കം. പുല്‍വാമ ഭീകരാക്രമണത്തോട് പ്രതികരിക്കേണ്ട സമയവും സ്ഥലവും രീതിയും തിരഞ്ഞെടുക്കാന്‍ സുരക്ഷാ സേനയ്ക്ക് എല്ലാ അനുമതിയും നല്‍കിയിരുന്നതായി പ്രധാനമന്ത്രി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 26ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ ബോംബാക്രമണം നടത്തിയത്.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും ഇന്ത്യ നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കി. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 1267 സമിതിയില്‍ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന്മേലുള്ള സാങ്കേതിക നിയന്ത്രണം ചൈന പിന്‍വലിച്ചതോടെ 2019 മെയ് 1ന് മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.