ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ. സുധാകരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം. സംസ്ഥാനത്തെ ഏഴ് എംപിമാരാണ് സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചത്. ഇതിന്റെ ഭാഗമായി എംപിമാര്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കണ്ടു.
എം.കെ രാഘവന്‍, കെ. മുരളീധരന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കാണാന്‍ കെ.സി വേണുഗോപാല്‍ എംപിമാരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍വെച്ച് എംപിമാര്‍ താരിഖ് അന്‍വറിനെ കണ്ട് ആവശ്യം ഉന്നയിച്ചു.
എംപിമാര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ആണ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തങ്ങളോട് കൂടിയാലോചനകളൊന്നും നടത്തുന്നില്ല. സംഘടനാ പുനസംഘടന നടത്തുന്നതില്‍ കാലതാമസം വരുത്തുകയാണ് തുടങ്ങിയ പരാതികളും എംപിമാര്‍ ഉന്നയിച്ചിരുന്നു. സംഘടനാ തലത്തില്‍ പുനസംഘടന നീണ്ടുപോകുന്നത് മൂലം താഴേത്തട്ടില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചു. പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ സംഘടനാ പുനസംഘടന നീണ്ടുപോകുന്നത് താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ തിരിച്ചടി കിട്ടിയതാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.
ബജറ്റ് സമ്മേളനത്തിനിടെ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്റെ വാട്സ്ആപ് സന്ദേശം വ്യാഴാഴ്ച ലഭിച്ചതാണ് എംപിമാരെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച തിരുവനന്തപുരത്ത് കെ.സി വേണുഗോപാലും ഭാരത് ജോഡാ യാത്രയില്‍ സംസ്ഥാനത്തു നിന്നും പങ്കെടുത്ത 19 പദയാത്രികരെയും അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കണെമന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശം.
അവസാന നിമിഷം ലഭിച്ച സന്ദേശമാണ് എംപിമാരെ ചൊടിപ്പിച്ചത്. ഇവര്‍ കെ.സി വേണുഗോപാലിനെ കണ്ട് അതൃപ്തി അറിയിക്കുകയായിരുന്നു. കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നില്ലെന്നും എംപിമാരെ ഇരുട്ടത്ത് നിര്‍ത്തുന്ന സമീപനമാണ് കെപിസിസി നേതൃത്വം കൈക്കൊള്ളുന്നതെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, വി.കെ ശ്രീകണ്ഠന്‍ എന്നിവരും പ്രത്യേകം പ്രത്യേകം താരിഖ് അന്‍വറിനെ കണ്ട് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫോണ്‍ വഴിയും താരിഖ് അന്‍വറുമായി ബന്ധപ്പെട്ടു. എന്നാല്‍ കെ. സുധാകരനെതിരെ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു എന്ന റിപ്പോര്‍ട്ട് തരൂര്‍ പിന്നീട് നിഷേധിച്ചു. ഒരു വിഭാഗം എംപിമാര്‍ താരിഖ് അന്‍വറിനെ കണ്ടുവെന്ന കാര്യം തനിക്ക് അറിയില്ല. തനിക്ക് അതിനോട് യോജിപ്പില്ലെന്നും തരൂര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.