ഡോ. സേവ്യർ കൂടപ്പുഴ പൗരോഹിത്യ വജ്ര ജൂബിലിയോടനുബന്ധിച്ച് ഓൺലൈൻ പൗരസ്ത്യ സുറിയാനി സംഗീത മത്സരം - കഹ്നൂസാ 2020

ഡോ. സേവ്യർ കൂടപ്പുഴ പൗരോഹിത്യ വജ്ര ജൂബിലിയോടനുബന്ധിച്ച് ഓൺലൈൻ പൗരസ്ത്യ സുറിയാനി സംഗീത മത്സരം - കഹ്നൂസാ 2020

കൊച്ചി: 35 വർഷത്തോളം ദൈവശാസ്ത്ര കലാലയങ്ങളിലും വൈദിക പരിശീലനകേന്ദ്രങ്ങളിലും പ്രൊഫസ്സർ പദവിയും വൈവിധ്യമാർന്ന ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ച വിഖ്യാത സഭാ ചരിത്രകാരനും ദൈവശാസ്ത്രജ്ഞനും ഈടുറ്റ നിരവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രൊഫ. ഡോ. സേവ്യർ കൂടപ്പുഴ മാർത്തോമാ നസ്രാണി സഭയുടെ രജത താരകമായി അറിയപ്പെടുന്നു.

1934 ഫെബ്രുവരി 28-ന് കാഞ്ഞിരപ്പള്ളിക്കു സമീപം ചേനപ്പാടിയിൽ ജോസഫ് ചാക്കോ, അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു . സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജ്, മൈനർ സെമിനാരി, റോമിലെ പ്രൊപ്പഗാന്ത ഫീദേ കോളജ് എന്നീ സ്ഥാപനങ്ങളിൽ പഠനവും വൈദികപരിശീലനവും നേടി. 1960 ഡിസംബർ 21-ന് റോമിൽവച്ച് വൈദികപട്ടം സ്വീകരിച്ചു. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും (ഊർബൻ യൂണിവേഴ്സിറ്റി, റോമാ), പൗരസ്ത്യ കാനൻ നിയമം, ഓറിയന്റൽ തിയോളജി (പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട്, റോമാ) എന്നീ ശാഖകളിൽ ബിരുദാനന്തരബിരുദങ്ങളും നേടിയിട്ടുണ്ട്. 1988 മുതൽ റോമിലെ ഇന്റർനാഷണൽ എക്യൂമെനിക്കൽ കമ്മീഷന്റെ അംഗവുമായി സേവനം ചെയ്തുവരുന്നു.

വടവാതൂർ സെമിനാരിയിലും പൗരസ്ത്യവിദ്യാപീഠത്തിലും 1964 മുതൽ 1999 വരെ റസിഡന്റ് പ്രൊഫസ്സറും ആലുവാ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, പൂനായിലെ ജ്ഞാനദീപവിദ്യാപീഠം, ഡൽഹിയിലെ വിദ്യാജ്യോതി, ബാംഗ്ലൂരിലെ റെഡെംപ്‌റ്ററിസ്റ്റ് കോളജ് എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസ്സറുമായിരുന്നു. ഇതിനുപുറമേ മാങ്ങാനം M.O.C. സ്ഥാപക പ്രിൻസിപ്പൽ, OIRSI സ്ഥാപക ഡയറക്റ്റർ, ക്രിസ്ത്യൻ ഓറിയന്റ് ത്രൈമാസികയുടെ ആരംഭക എഡിറ്റർ, ദുക്റാന മാസികയുടെ സ്ഥാപക മാനേജിംഗ് എഡിറ്റർ, ജീവധാര മാസികയുടെ എഡിറ്റർ, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി എന്നിങ്ങനെ വിശാലമാണ് ബഹുമാനപ്പെട്ട കൂടപ്പുഴയച്ചന്റെ സേവന മേഖലകൾ.

ഇപ്പോൾ പൗരസ്ത്യ താപസ സന്ന്യാസചര്യ സ്വീകരിച്ച് നല്ലതണ്ണിയിലെ മാർത്തോമ്മാശ്ലീഹാ ദയറായിലെ സ്ഥാപക സുപ്പീരിയറും അംഗവുമാണ്. കൂടപ്പുഴ അച്ചന്റെ ശുശ്രുഷാ പൗരോഹിത്യ സ്വീകരണത്തിന്റെ അറുപതാം വാർഷികത്തിൽ ശിഷ്യസമൂഹത്തിന്റെയും സഭാമക്കളുടെയും ആദരവ് പ്രകടിപ്പിക്കുന്നതിനായിട്ടാണ് ‘ കഹ്‌നൂസ '20 ‘ എന്ന ഓൺലൈൻ പൗരസ്‌ത്യ സുറിയാനി സംഗീത മത്സരം സംഘടിപ്പിക്കുന്നത്. പൗരോഹിത്യം എന്നാണ് കഹ്‌നൂസ എന്ന സുറിയാനി വാക്കിന്റെ അർത്ഥം.

കൂടപ്പുഴ അച്ചന്റെ ശിഷ്യസമൂഹവും റൂഹാ മീഡിയയും സംയുക്തമായിട്ടാണ് ഈമത്സരം കുടുംബങ്ങൾക്കായി അണിയിച്ചൊരുക്കുന്നത്. ഒന്നാം സമ്മാനാർഹർക്ക് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും കാഷ് അവാർഡുകൾ നൽകുന്നതായിരിക്കും . വിജയികൾക്ക് സർട്ടിഫിക്കറ്റും ഭാരത സഭാചരിത്ര പുസ്തകവും ലഭിക്കുന്നതായിരിക്കും .

2020 ഡിസംബർ 21 ന് നല്ലതണ്ണി മാർത്തോമ്മാ ശ്ലീഹാ ദയറായിൽ വെച്ചു നടക്കുന്ന ജൂബിലി അനുമോദന സമ്മേളനത്തിൽ സിറോ മലബാർ സഭാ തലവനായ മാർ ഗീവർഗ്ഗീസ് ആലഞ്ചേരി മെത്രാപ്പോലീത്താ സമ്മാനദാനം നിർവ്വഹിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.