കൊച്ചി: മദ്യപിച്ചു വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമനടപടികള്‍ക്കൊപ്പം ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും. ഡ്രൈവര്‍മാര്‍ മദ്യപിച്ചു വാഹനം ഓടിച്ചത് ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.
കൊച്ചി നഗരത്തില്‍ നിയമലംഘനം നടത്തിയ 32 ബസുകള്‍ പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നാലു പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ടു പേര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാരുമാണ്. നാലു സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല്‍ നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്‌കൂളുകളിലെത്തിച്ചു. സ്‌കൂള്‍ അധികൃതരില്‍ നിന്നു പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. നിയമലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കിയിരുന്നു. സ്വകാര്യ ബസിന്റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍ വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.
ഇനി ഒരാളുടെ ജീവന്‍ കൂടി നഷ്ടപെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്. വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.
കൊച്ചിയില്‍ പൊലീസ് വാഹന പരിശോധന ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലീസ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാന്‍ വാഹനങ്ങളില്‍ ടോള്‍ ഫ്രീ നമ്പറുകള്‍ പതിക്കും. കോടതി നിര്‍ദേശ പ്രകാരമാണ് സ്വകാര്യ ബസുകളില്‍ പൊലീസ് സ്റ്റിക്കര്‍ പതിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.