തിരുവനന്തപുരം: താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ പൈലറ്റും എസ്‌കോര്‍ട്ടും ഉപേക്ഷിക്കുമെന്ന് 2016 ല്‍ ആദ്യമായി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രഖ്യാപിച്ച പിണറായി വിജയന് ഇപ്പോള്‍ മുന്‍പൊരു മുഖ്യമന്ത്രിമാര്‍ക്കും ഇല്ലാത്ത കനത്ത സുരക്ഷ. സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അമിത സുരക്ഷാ വിവാദത്തില്‍ വിമര്‍ശനം കനക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്നും മസ്‌കറ്റ് ഹോട്ടലിലേക്കുള്ള യാത്രയില്‍ മറ്റ് വാഹനങ്ങളെല്ലാം തടഞ്ഞിട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നന്ദാവനം ജംക്ഷനില്‍ നിന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള വഴിയിലും വസതിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നിരവധി സുരക്ഷാ ക്യാമറകളുമുണ്ട്.
മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കെത്തുന്നതിനു മുന്‍പായി പ്രധാന വഴികളില്‍ നിന്ന് വാഹനങ്ങളെ ഒഴിപ്പിക്കും. ഇട റോഡുകളില്‍ പൊലീസ് സംഘത്തിന്റെ കാവലും നൂറു മീറ്റര്‍ ഇടവേളകളില്‍ പൊലീസുകാരുമുണ്ടാകും. മുഖ്യമന്ത്രി വസതിയില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തുന്നതുവരെയും തിരികെ പോകുമ്പോഴും സാധാരണക്കാരുടെ വാഹനങ്ങള്‍ പൊലീസ് നിയന്ത്രണത്തില്‍ നിരത്തില്‍ കുരുങ്ങിക്കിടക്കും.
നിലവിലുണ്ടായിരുന്ന ഇന്നോവ മാറ്റി 2022 ജൂണിലാണ് മുഖ്യമന്ത്രിക്കായി കിയ കാര്‍ണിവല്‍ കാര്‍ വാങ്ങിയത്. ഇതിനു പുറമേ മൂന്നു കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കുമായുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്‌പെയര്‍ വാഹനം, സ്‌ട്രൈക്കര്‍ ഫോഴ്‌സ് എന്നിവയാണുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് അഡ്വാന്‍സ് പൈലറ്റ് നല്‍കിയത്.
എസ്‌കോര്‍ട്ട് വാഹനങ്ങളില്‍ പരിശീലനം ലഭിച്ച ആയുധാരികളായ കമാന്‍ഡോകളാണുള്ളത്. പൈലറ്റ് വാഹനങ്ങളില്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴില്‍ പൊലീസുകാര്‍. പ്രതിഷേധമുണ്ടാകുമ്പോള്‍ 25 അംഗ ദ്രുതകര്‍മ സേനയും അനുഗമിക്കും.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ സാഹചര്യം കണക്കിലെടുത്ത് 50 ഉദ്യോഗസ്ഥര്‍വരെയുണ്ടാകും. തലസ്ഥാനത്തിനു പുറത്തേക്ക് പോകുമ്പോള്‍ ഓരോ സ്ഥലത്തെയും സിഐയുടെ നേതൃത്വത്തില്‍ മുന്‍കൂറായി റോഡ് ക്ലിയര്‍ ചെയ്യും. അതാത് സ്ഥലങ്ങളിലെ ഡിവൈഎസ്പിക്കായിരിക്കും മേല്‍നോട്ടം.
ജില്ലകളിലെ പരിപാടികളുടെ സുരക്ഷാ ചുമതല എസ്പിമാര്‍ക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ 100 മീറ്റര്‍ അകലത്തില്‍ പൊലീസിനെ വിന്യസിക്കും. ഇടറോഡുകളില്‍ നിന്നുള്ള ഗതാഗതം നിയന്ത്രിക്കും.
വേദിയും പരിസരവും മണിക്കൂറുകള്‍ക്ക് മുന്‍പ് പൊലീസ് നിയന്ത്രണത്തിലാകും. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അഗ്‌നിശമന സേനയും സ്ഥലത്തുണ്ടാകും. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.