വാഷിംഗ്ടണ്‍: അടുത്ത വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നിക്കി ഹേലി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള അവകാശവാദം ഉന്നയിച്ച് മുന്‍ സൗത്ത് കരോലിന ഗവര്‍ണറും യു.എന്‍ അംബാസഡറുമായിരുന്നു നിക്കി (51) രംഗത്ത് വന്നു. ഒരു വീഡിയോ സന്ദേശത്തിലാണ് താന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന് അവര്‍ അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹാലിയുടെ നീക്കം.
ബുധനാഴ്ച സൗത്ത് കരോലിനയിലെ ചാള്‍സ്റ്റണില്‍ നടക്കുന്ന പ്രസംഗത്തില്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രൂപരേഖ അവതരിപ്പിക്കും.
പുതിയ തലമുറ നയിക്കേണ്ട സമയമാണിത്. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുകയും രാജ്യത്തെ കൂടുതല്‍ ശാക്തീകരിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ അഭിമാനവും ലക്ഷ്യവുമാണെന്ന് നിക്കി പറഞ്ഞു. ഇന്ത്യന്‍ കുടിയേറ്റ മാതാപിതാക്കളുടെ മകളെന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്ന നിക്കി ഹേലി, സൗത്ത് കരോലിനയിലാണ് താന്‍ വളര്‍ന്നതെന്നും വീഡിയോയില്‍ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ഹാലിയെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി നിയമിച്ചിരുന്നു. യുഎസ് ഭരണതലത്തില്‍ കാബിനറ്റ് തലത്തില്‍ നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരിയായിരുന്നു അവര്‍.
ട്രംപിനെ വെല്ലുവിളിക്കാന്‍ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ആദ്യ മത്സരാര്‍ത്ഥിയാണ് നിക്കി. ഇവരെ കൂടാതെ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലിനയില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ ടിം സ്‌കോട്ട്, ന്യൂ ഹാംഷെയറില്‍ നിന്നുള്ള ഗവര്‍ണര്‍ ക്രിസ് സുനുനു, മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ ആസാ ഹച്ചിന്‍സണ്‍ എന്നിവരും മത്സരത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 2024 നവംബര്‍ അഞ്ചിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
നേരത്തെ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് നിക്കി പ്രഖ്യാപിച്ചിരുന്നു.
നിമ്രത നിക്കി രണ്‍ധാവ എന്ന നിക്കി പഞ്ചാബിലെ സിഖ് വിഭാഗത്തില്‍ പെട്ട അജിത് സിംഗിന്റെയും രാജ് കൗറിന്റെയും മകളാണ്. അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി പ്രാെഫസറായിരുന്ന പിതാവ് അജിത് സിംഗും നിയമബിരുദധാരിയായ മാതാവും അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു.
2011 ജനുവരിയില്‍ 39 ാം വയസില്‍ സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവര്‍ണറായി നിക്കി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അധികാരമേല്‍ക്കുമ്പോള്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു അവര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.