ലോക സർക്കാർ ഉച്ചകോടി നാളെ സമാപിക്കും

ലോക സർക്കാർ ഉച്ചകോടി നാളെ സമാപിക്കും

ദുബായ്: ദുബായില്‍ നടക്കുന്ന ലോകസർക്കാർ ഉച്ചകോടി നാളെ സമാപിക്കും. ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക എന്ന പ്രമേയത്തിൽ മൂന്ന് ദിവസത്തെ ഉച്ചകോടി മ്യൂസിയം ഓഫ് ഫ്യൂച്ചറിലാണ് നടക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും ഉച്ചകോടി സന്ദർശിച്ചു.

ഇച്ഛാശക്തിയാണ് യുഎഇയുടെ ശക്തിയെന്ന് റാസൽ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉച്ചകോടിയില്‍ പറഞ്ഞു. 2025 ഓടെ രാജ്യത്തെ ഹോട്ടല്‍ ശേഷി ഇരട്ടിയാക്കുമെന്നും 2030 ഓടെ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകഭാവിയ്ക്കായി ഒരുമിച്ച്, ഒരുപോലെ പ്രവർത്തിക്കുന്ന സർക്കാരിനെ സൃഷ്ടിക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ ഭീഷണികളെ ചെറുക്കാൻ ദേശവും മതവും വംശവും രാജ്യാതിർത്തികളും മറന്നു ലോകം ഒന്നിക്കണമെന്നു ആഗോള സർക്കാർ സംഗമത്തിൽ യുഎഇ ഐടി മന്ത്രി ഒമർ സുൽത്താൻ അൽ ഒലമ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം വെല്ലുവിളികളെ പ്രാദേശികമായി നേരിടാൻ കഴിയില്ല. മാനവരാശിയുടെ മുഴുവൻ ആവശ്യങ്ങളെയാണ് നാം നേരിടേണ്ടത്. അവിടെ സങ്കുചിത മനോഭാവം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

നാളെകളിൽ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുകയാണ് ആഗോള സർക്കാർ ഉച്ചകോടിയുടെ ലക്ഷ്യം. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി,തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ, സെനഗൽ പ്രസിഡന്‍റും ആഫ്രിക്കൻ യൂണിയൻ ചെയർപഴ്സണുമായ മക്കി സാൽ, പാരഗ്വായ് പ്രസിഡന്‍റ് മരിയോ അബ്ദോ ബെനിറ്റസ്, അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവ് തുടങ്ങി 20 രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് പുറമേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 250 മന്ത്രിമാർ, പതിനായിരത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനകളുടെയും കമ്പനികളുടെയും തലവന്മാരും, ചിന്തകരും, ആഗോള വിദഗ്ദരും, വ്യവസായ പ്രമുഖരും ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്, പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന വിദഗ്ധരും മികച്ച വിദ്യാർഥികളും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.