കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ച സംഭാവന 614.62 കോടി; മറ്റെല്ലാ പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ച സംഭാവന 614.62 കോടി; മറ്റെല്ലാ  പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നില്‍

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ ലഭിച്ച സംഭാവനയുടെ കണക്കുകള്‍ പുറത്ത്. പട്ടികയില്‍ ബിജെപിയാണ് ബഹുദൂരം മുന്നില്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മൂന്നിരട്ടിയില്‍ അധികം സംഭാവന ബിജെപിക്ക് ലഭിച്ചു. 614.62 കോടി. രണ്ടാമതുള്ള കോണ്‍ഗ്രസിന് 100 കോടി പോലും തികഞ്ഞില്ല.

പോള്‍ വാച്ച്‌ഡോഗ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ബിജെപിക്ക് 614.62 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 95.4 കോടി രൂപയാണ്.

4957 സംഭാവനകളില്‍ നിന്നാണ് 614.6 കോടി രൂപ ബിജെപിക്ക് ലഭിച്ചത്. 2020-21 കാലയളവില്‍ 477.545 കോടി രൂപയായിരുന്നു ബിജെപിക്ക് ലഭിച്ചത് എങ്കില്‍ 2021-22 ല്‍ അത് 614.62 കോടി രൂപയായി ഉയര്‍ന്നു. കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, എന്‍പിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയേക്കാള്‍ മൂന്നിരട്ടി അധികം സംഭാവനയാണ് ബിജെപിക്ക് ലഭിച്ചത്.

കോര്‍പ്പറേറ്റ് സംഭാവനകളിലും ബിജെപിക്കാണ് മുന്‍തൂക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മറ്റെല്ലാ ദേശീയ പാര്‍ട്ടികളും പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് സംഭാവനകളുടെ ഏഴിരട്ടിയിലധികം ബിജെപിക്ക് ലഭിച്ചു. കോര്‍പ്പറേറ്റ് സംഭാവനയായി 548.808 കോടി രൂപ ബിജെപിക്ക് ലഭിച്ചപ്പോള്‍ മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും കൂടി 77.075 കോടി രൂപ മാത്രമാണ് കോര്‍പ്പറേറ്റ് സംഭാവനയായി ലഭിച്ചത്.

കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം 1255 സംഭാവനകളില്‍ നിന്നാണ് 95.45 കോടി രൂപ ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 74.524 കോടി രൂപയായിരുന്നു. ഇതില്‍ കോര്‍പ്പറേറ്റ്, ബിസിനസ് മേഖലകളില്‍ നിന്നുള്ള 170 സംഭാവനകളിലൂടെ 40.892 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികളുടെ മൊത്തം സംഭാവനയില്‍ 187.026 കോടി രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതായത് സംഭാവനയില്‍ 31.50 ശതമാനത്തിന്റെ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സിപിഎമ്മിന് സംഭാവനയിനത്തില്‍ 22.06 ശതമാനത്തിന്റെയും (2.846 കോടി രൂപ) എന്‍പിപിക്ക് 40.50 ശതമാനത്തിന്റെയും (24.10 ലക്ഷം) ഇടിവും ഉണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.