വെടിയുണ്ടയോ...പരിഹാരമോ? ഏത് വാങ്ങാനും തങ്ങള്‍ തയ്യാറെന്ന് കര്‍ഷകര്‍

വെടിയുണ്ടയോ...പരിഹാരമോ? ഏത് വാങ്ങാനും തങ്ങള്‍ തയ്യാറെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് കര്‍ഷകര്‍. 'ഒന്നുകില്‍ വെടിയുണ്ട, അല്ലെങ്കില്‍ പരിഹാരം, സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും വാങ്ങിയേ ഞങ്ങള്‍ സമരം അവസാനിപ്പിക്കൂ. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങളിനിയും വരും.' കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിങ് വ്യക്തമാക്കി.

നരേന്ദ്ര മോഡി സര്‍ക്കാര്‍ പാസാക്കിയ  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ആറ് ദിവസമായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം ഇരമ്പുകയാണ്. അതിനിടെ സര്‍ക്കാര്‍ താല്‍പര്യമെടുത്ത് ഇന്നലെ വിൡ ചര്‍ച്ചയില്‍ നിന്ന് വിട്ടു നല്‍ക്കാന്‍ കര്‍ഷകര്‍ ആദ്യം തീരുമാനച്ചെങ്കിലും പിന്നീട് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വിദഗ്ദരും സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളും ചേര്‍ന്നുള്ള പാനല്‍ രൂപീകരിക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് കര്‍ഷകര്‍ തള്ളി.

പുതിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാണന്നും കൃഷിയിടം അവര്‍ക്ക് നല്‍കുന്നതിന് തുല്യമാണിതെന്നും   കര്‍ഷകര്‍ പറഞ്ഞു. പൊലീസ് സേനയെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടെങ്കിലും സമരത്തിന്റെ ആറാം ദിവസമായ ഇന്നലെയും നിരവധിപ്പേരാണ് പിന്തുണയുമായി എത്തിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പാതകള്‍ പൂര്‍ണമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ ഇന്നലെ തീരുമാനിച്ചു.

കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍, എന്നിവരാണ് വിവിധ കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. നരേന്ദ്ര സിങ് തോമര്‍ നേരത്തേ ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷകരുമായി നാളെ വീണ്ടും ചര്‍ച്ച നടത്തും.

അതിനിടെ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ജെ.ജെ.പി നേതാവ് അജയ് ചൗട്ടാല രംഗത്തെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.