അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ ആകാശ എയര്‍; വലിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനൊരുങ്ങുന്നു

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ ആകാശ എയര്‍; വലിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സര്‍വീസിന് തുടക്കമിടാന്‍ ആകാശ എയര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പുതിയ എയര്‍ ലൈനാണ് ആകാശ എയര്‍. ആരംഭിച്ചതിന് ശേഷം 200 ദിവസങ്ങള്‍ പിന്നിടുന്ന എയര്‍ലൈന്‍ നിലവില്‍ 17 ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

അന്താരാഷ്ട്ര സര്‍വീസിന് തുടക്കമിടുന്നതിനായി വലിയ വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കാന്‍ ഒരുങ്ങുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരം.

വ്യോമയാന രംഗത്ത് ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരിച്ച ആകാശ എയര്‍ ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കും.

കഴിഞ്ഞ നവംബറില്‍ 72 മാക്‌സ് വിമാനങ്ങള്‍ വാങ്ങാന്‍ ബോയിങ് കമ്പനിയുമായി ആകാശ എയര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഈ 72 വിമാനങ്ങളും ആകാശ എയറിന്റെ സ്വന്തമാകും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി.

എന്നാല്‍ നവംബറില്‍ നല്‍കിയ 72 വിമാന കരാറിനേക്കാള്‍ വലിയ ഓര്‍ഡര്‍ ആണ് നല്‍കാന്‍ പോകുന്നതെന്ന് ആകാശ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു. എന്നാല്‍ എത്ര വിമാനങ്ങളാണ് വാങ്ങാന്‍ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഓര്‍ഡര്‍ നല്‍കുക ബോട്ടിങ്ങിനായിരിക്കുമോ എയര്‍ ബസിനായിരിക്കുമോ എന്നും വിനയ് ദുബെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പൊതുവെ ചെലവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ബജറ്റ് കാരിയറുകള്‍ സാധാരണയായി നാരോബോഡി വിമാനങ്ങളാണ് ഉപയോഗിക്കാറുള്ളത്.

2023 ന്റെ അവസാനത്തോടെ ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ആകാശ എയര്‍ സര്‍വീസ് നടത്തിയേക്കും. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. അതിനാല്‍ തന്നെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിഎപിഎ ഇന്ത്യയുടെ കണക്കുകള്‍ പറയുന്നത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ 1,500 മുതല്‍ 1,700 വരെ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമെന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.