സൂപ്പര്‍ താരങ്ങള്‍ പിഎസ്ജി വിട്ടേക്കും; നെയ്മറിനായി ചെല്‍സിയും മെസിയെ നോട്ടമിട്ട് ഇന്റര്‍ മിയാമിയും ശ്രമം തുടങ്ങി

സൂപ്പര്‍ താരങ്ങള്‍ പിഎസ്ജി വിട്ടേക്കും; നെയ്മറിനായി ചെല്‍സിയും മെസിയെ നോട്ടമിട്ട് ഇന്റര്‍ മിയാമിയും ശ്രമം തുടങ്ങി

 പാരീസ്: ലോകത്തെ ഒന്നാം നമ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) മുന്നേറ്റ നിരയില്‍ ഈ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇനി ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ക്ലബ് മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറും ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസിയും ക്ലബ് വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി നെയ്മറിനായും അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമി മെസിക്കായും ശ്രമങ്ങള്‍ ആരംഭിച്ചു. 

ലീഗ് വണ്ണില്‍ മൊണോക്കോക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് നെയ്മറിന് ഒഴിവാക്കാനുള്ള നീക്കം പിഎസ്ജി തുടങ്ങിയത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ ക്ഷുഭിതനായ നെയ്മര്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കംപോസുമായും വഴക്കിട്ടു. പിന്നാലെ താരത്തെ വിറ്റൊഴിവാക്കാന്‍ പിഎസ്ജി ശ്രമങ്ങള്‍ തുടങ്ങിയതായി അഭ്യൂഹങ്ങള്‍ പരന്നു. ചെല്‍സിയുടെ സഹ ഉടമ ടോഡ് ബോയ്‌ലി പാരിസിലെത്തി പിഎസ്ജി മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തിയതായി വിവിധ ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

2025 വരെ കരാറുള്ള നെയ്മറെ വില്‍ക്കാന്‍ നേരത്തെ തന്നെ പിഎസ്ജി നീക്കം നടത്തിയിരുന്നു. എന്നാല്‍ വന്‍ തുക ശമ്പളം വാങ്ങുന്ന താരത്തെ സ്വീകരിക്കാന്‍ ഒരു ക്ലബും സന്നദ്ധമായിരുന്നില്ല. ഇപ്പോള്‍ ചെല്‍സി താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന സാഹചര്യത്തില്‍ ഈ സമ്മര്‍ സീസണില്‍ തന്നെ താരത്തിന്റെ ട്രാന്‍സ്ഫര്‍ ഉണ്ടായേക്കും. 

നെയ്മര്‍ പോയാലും ക്ലബിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് പിഎസ്ജി. കഴിഞ്ഞ ജനുവരിയില്‍ ചെല്‍സി താരം ഹക്കീം സിയേഷിനെ പിഎസ്ജി സ്വന്തം തട്ടകത്തില്‍ എത്തിച്ചതിന് പിന്നിലും നെയ്മറെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. അന്ന് മുതല്‍ നെയ്മറിനായി ചെല്‍സിയും കരുക്കല്‍ നീക്കി തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലുമായി 600 മില്യണ്‍ പൗണ്ടാണ് ചെല്‍സി മുടക്കിയത്. ഇനിയും പണം മുടക്കാന്‍ ക്ലബിന് മടിയില്ല. 

അതേസമയം കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ലയണല്‍ മെസി ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകാന്‍ കാരണം. മെസിയുടെ പിതാവ് ജോര്‍ജെ മെസി ബുധനാഴ്ച പിഎസ്ജി മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ക്ലബില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. കരാര്‍ പുതുക്കുന്നതിന്റെ സാധ്യതകള്‍ ഏറെക്കുറെ വഴിമുട്ടിയ സാഹചര്യത്തിലാണെന്ന് ഫ്രഞ്ച് മാധ്യമമായ എല്‍ എക്വിപ് റിപ്പോര്‍ട്ട് ചെയ്തു. 

ഇതിനിടെ മെസിയെ പാളയത്തിലെത്തിക്കാന്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമി തിരക്കിട്ട നീക്കം നടത്തുന്നതായും എല്‍ എക്വിപ് പത്രം പറയുന്നു. ഇംഗ്ലണ്ട് മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റര്‍ മിയാമി. മെസിക്കായി ക്ലബ് നേരത്തെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇന്റര്‍ മിയാമി പരിശീലകന്‍ ഫില്‍ നെവില്ലെ ഇക്കാര്യം ഒരാഴ്ച്ച മുമ്പേ വെളിപ്പെടുത്തുകയും ചെയ്തു. മെസിയും ഇന്റര്‍ മിയാമിയും തമ്മില്‍ റെക്കോഡ് തുകക്ക് ധാരണയില്‍ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.