ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള മറ്റ് സാക്ഷികളെ വിസ്തരിക്കാമെന്ന് സുപ്രീം കോടതി. പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാമെന്നും കോടതി നിര്‍ദേശം നല്‍കി.
മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് കേസിലെ എട്ടാം പ്രതി നടന്‍ ദിലീപ് നേരത്തേ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
മഞ്ജു വാര്യരെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ ദിലീപിന്റെ ആരോപണം. എന്നാല്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയുളളവ നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജുവിനെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തനിക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് പ്രോസിക്യൂഷനെ തടയാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, കേസില്‍ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ വൈകുന്നതിന്റെ പേരില്‍ വിസ്തരിക്കേണ്ട സാക്ഷികള്‍ ആരൊക്കെയാണെന്ന് പ്രതികള്‍ തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.