ശ്രീനഗര്‍: ജി-20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗര്‍. ജി-20 അധ്യക്ഷതയ്ക്ക് കീഴില്‍ യൂത്ത്-20, സിവില്‍-20 യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാണ് ശ്രീനഗര്‍ ഒരുങ്ങുന്നത്. ഇതാദ്യമായാണ് ജമ്മു കാശ്മീര്‍ ജി-20 പോലുള്ള ഒരു അന്താരാഷ്ട്ര പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര ഉച്ചകോടിയ്ക്കായി ജമ്മു കാശ്മീരില്‍ തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. കാശ്മീര്‍ സര്‍വകലാശാലയിലാണ് യൂത്ത്-20, സിവില്‍-20 യോഗങ്ങള്‍ നടക്കുക.
നേരത്തെ ലിംഗ സമത്വവും വൈകല്യവും എന്ന വിഷയത്തില്‍ കാശ്മീര്‍ സര്‍വകലാശാലയില്‍ സി-20 വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടന്നിരുന്നു.
കാശ്മീര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ നിലോഫര്‍ ഖാനാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഗ്രൂപ്പിന്റെ മൂന്ന് സെഷനുകളില്‍ ലിംഗസമത്വത്തെക്കുറിച്ചും ഭിന്ന ശേഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.
സി-20 പരിപാടികള്‍ക്ക് ശേഷം കാശ്മീര്‍ സര്‍വകലാശാലയില്‍ യൂത്ത്-20 പ്രോഗ്രാമുകള്‍ നടക്കും. ഇന്ത്യയുടെ ജി-20 അധ്യക്ഷതയില്‍ രാജ്യത്തിന് ഉണ്ടായ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടികള്‍ നടക്കുന്നത്.
ജൂണില്‍ വാരാണസിയില്‍ നടക്കാനിരിക്കുന്ന യൂത്ത്-20 പ്രധാന ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രീ-സമ്മിറ്റ് പരിപാടികളാണ് കാശ്മീര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്നത്. വിവിധ സെമിനാറുകള്‍ നടത്താന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജി-20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കാശ്മീരില്‍ നടക്കുന്ന യുത്ത് -20 പരിപാടിയില്‍ പങ്കെടുക്കും.
സമാധാനത്തിനായുളള അനുരഞ്ജനവും, ആരോഗ്യം, ക്ഷേമം, കായികം, ജനാധിപത്യത്തിലും ഭരണത്തിലും യുവാക്കളുടെ പങ്കാളിത്തം എന്നിങ്ങനെ വിഷയങ്ങള്‍ യൂത്ത്-20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.