കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി കളമശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാളെ പ്രത്യേക സംഘം കസ്റ്റഡിയില്‍ എടുത്തത്. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതിയെ കൊച്ചിയില്‍ എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്ന പദവി അനില്‍കുമാര്‍ ദുരുപയോഗം ചെയ്തു. കളമശേരി മെഡിക്കല്‍ കോളജ് സുപ്രണ്ടിന്റെ ഓഫീസിലായിരുന്നു അനില്‍കുമാര്‍ ജോലി ചെയ്തിരുന്നത്.
സുപ്രണ്ട് ഓഫീസിലെ ജോലിക്കാരന്‍ എന്ന നിലയില്‍ കളമശേരി നഗരസഭയിലെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ കിയോസ്‌ക് കൈകാര്യം ചെയ്തിരുന്ന താല്‍കാലിക ജീവനക്കാരിയെ സ്വാധീനിച്ചാണ് ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടോ, തൃപ്പുണിത്തുറയിലെ ദമ്പതികള്‍ക്ക് കുട്ടിയെ കൈമാറിയതില്‍ ഇയാള്‍ ഏതെങ്കിലും തരത്തില്‍ ഇടനില നിന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വിശദമായ പരിശോധന ആവശ്യമാണ്. ഇതിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
കളമശേരി മെഡിക്കല്‍ കോളജ് സുപ്രണ്ടിനെതിരെ അടക്കം ഗുരുതര ആരോപണം ഉന്നയിച്ചതിന് ശേഷമായിരുന്നു അനില്‍കുമാര്‍ ഒളിവില്‍ പോയത്. എന്നാല്‍ ഇതിന് പിന്നാലെ സുപ്രണ്ടിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ വസ്തുത ഇല്ല എന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.