ഷഹാനയുടെ മുഖം ചങ്കില്‍ കോറിയിട്ട് പ്രണവ് മടങ്ങി

ഷഹാനയുടെ മുഖം ചങ്കില്‍ കോറിയിട്ട് പ്രണവ് മടങ്ങി

തൃശൂര്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് ശരീരം തളര്‍ന്ന് വീല്‍ചെയറിലായിട്ടും സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്ന തൃശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് ഇനി ഓര്‍മ. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ പ്രണവിനെ (31) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എല്ലാം തകര്‍ന്നെന്ന് കരുതിയിരുന്ന കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഷഹാനയെ ജീവിത സഖിയാക്കിയതോടെയാണ് പ്രണവ് ശ്രദ്ധ നേടിയത്. വ്യത്യസ്ഥ മതമാണെന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് 2020 മാര്‍ച്ച് നാലിനാണ് ഇവര്‍ വിവാഹിതരായത്.

ജനുവരി അവസാനമാണ് ഷഹാനയ്ക്ക് സര്‍പ്രൈസായി പ്രണവ് തന്റെ നെഞ്ചില്‍ ടാറ്റു ചെയ്തത്. ഷഹാനയുടെ മുഖമാണ് പ്രണവ് പച്ചകുത്തിയത്. ടാറ്റു ഭാര്യയെ കാണിക്കുന്ന വീഡിയോ അടക്കം പ്രണവ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

എട്ട് വര്‍ഷം മുമ്പ് പട്ടേപ്പാടത്തിന് സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണാണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേറ്റത്. ചികിത്സ നടത്തുന്നതിനിടെ പങ്കുവെച്ച വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നിയത്.

ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രണവ് എതിര്‍ത്തെങ്കിലും ഷഹാന പിന്മാറിയില്ല. ഇതോടെ 2020 ല്‍ കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ വെച്ച് വീല്‍ചെയറിലിരുന്ന് പ്രണവ് ഷഹാനയ്ക്ക് താലി കെട്ടിയത് വാര്‍ത്തയായിരുന്നു.

ശരീരം തളര്‍ന്ന് ജീവിതം മടുത്തവര്‍ക്ക് വലിയ പ്രതീക്ഷയും പ്രചോദനവുമായിരുന്നു പ്രണവ്. റോഡ് സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍കരണ പരിപാടികളിലും സജീവമായിരുന്നു.

ആരോഗ്യനിലയിലുണ്ടായ മാറ്റം ഏവര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നു. അധികം വൈകാതെ എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസം ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് പ്രണവ് പെട്ടന്ന് ജീവിതത്തോട് ബൈ പറഞ്ഞു പോയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.